രൂത്ത് - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

രൂത്ത് 4:1

എന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്ന് ഇവിടെ ഇരിക്ക എന്ന് അവനോടു പറഞ്ഞു. അവൻ ചെന്ന് അവിടെ ഇരുന്നു.

രൂത്ത് 4:2

പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.

രൂത്ത് 4:3

അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞത്: മോവാബ്‍ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലയ്ക്കു വാങ്ങുക;

രൂത്ത് 4:4

നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന് എന്നോടു പറക; നീയും നീ കഴിഞ്ഞിട്ട് ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല.

രൂത്ത് 4:5

അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.

രൂത്ത് 4:6

അതിന് വീണ്ടെടുപ്പുകാരൻ: എനിക്ക് അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്തഅവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.

രൂത്ത് 4:7

എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരുപ്പൂരി മറ്റേവനു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം.

രൂത്ത് 4:8

അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരുപ്പൂരിക്കൊടുത്തു.

രൂത്ത് 4:9

അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനുള്ളതൊക്കെയും കില്യോനും മഹ്ലോനും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിനു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

രൂത്ത് 4:10

അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.

രൂത്ത് 4:11

അതിന് പട്ടണവാതിൽക്കൽ ഇരുന്ന സകല ജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നെ; നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയായെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതത്; എഫ്രാത്തയിൽ നീ പ്രബലനും ബേത്‍ലഹേമിൽ വിശ്രുതനുമായിരിക്ക.

രൂത്ത് 4:12

ഈ യുവതിയിൽനിന്ന് യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദായ്ക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയിത്തീരട്ടെ.

രൂത്ത് 4:13

ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു.

രൂത്ത് 4:14

എന്നാറെ സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ട് യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.

രൂത്ത് 4:15

അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർധക്യത്തിൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്ക് ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്നു പറഞ്ഞു.

രൂത്ത് 4:16

നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവനു ധാത്രിയായിത്തീർന്നു.

രൂത്ത് 4:17

അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്ക് ഒരു മകൻ ജനിച്ചു എന്നു പറഞ്ഞ് അവന് ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻതന്നെ.

രൂത്ത് 4:18

ഫേരെസിന്റെ വംശപാരമ്പര്യമാവിത്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.

രൂത്ത് 4:19

രാം അമ്മീനാദാബിനെ ജനിപ്പിച്ചു.

രൂത്ത് 4:20

അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സൽമോനെ ജനിപ്പിച്ചു.

രൂത്ത് 4:21

സൽമോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.

രൂത്ത് 4:22

ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.