രൂത്ത് - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

രൂത്ത് 2:1

നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവനു ബോവസ് എന്നു പേർ.

രൂത്ത് 2:2

എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: ഞാൻ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്ന് അവൾ അവളോടു പറഞ്ഞു.

രൂത്ത് 2:3

അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിനുള്ള വയലിൽ ആയിരുന്നു ചെന്നത്.

രൂത്ത് 2:4

അപ്പോൾ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവർ അവനോടും പറഞ്ഞു.

രൂത്ത് 2:5

കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.

രൂത്ത് 2:6

കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്‍ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;

രൂത്ത് 2:7

ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു.

രൂത്ത് 2:8

ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.

രൂത്ത് 2:9

അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്ന് ബാല്യക്കാർ കോരിവച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു.

രൂത്ത് 2:10

എന്നാറെ അവൾ സാഷ്ടാംഗം വീണ് അവനോട്: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു.

രൂത്ത് 2:11

ബോവസ് അവളോട്: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മയ്ക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ട്, മുമ്പേ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.

രൂത്ത് 2:12

നിന്റെ പ്രവൃത്തിക്ക് യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്ക് അവൻ പൂർണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.

രൂത്ത് 2:13

അതിന് അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നു വരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോട് ദയയായി സംസാരിക്കയും ചെയ്‍വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.

രൂത്ത് 2:14

ഭക്ഷണസമയത്ത് ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം വീഞ്ഞിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.

രൂത്ത് 2:15

അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോട്: അവൾ കറ്റകളുടെയിടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുത്.

രൂത്ത് 2:16

പെറുക്കേണ്ടതിന് അവൾക്കായിട്ടു കററകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുത് എന്നു കല്പിച്ചു.

രൂത്ത് 2:17

ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോൾ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.

രൂത്ത് 2:18

അവൾ അത് എടുത്തുംകൊണ്ട് പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്ത് അവൾക്കു കൊടുത്തു.

രൂത്ത് 2:19

അമ്മാവിയമ്മ അവളോട്: നീ ഇന്ന് എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോട് ആദരവു കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തത് എന്ന് അവൾ അമ്മാവിയമ്മയോട് അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തത് എന്നു പറഞ്ഞു.

രൂത്ത് 2:20

നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ വിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. ആയാൾ നമുക്ക് അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.

രൂത്ത് 2:21

എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേർന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്ന് മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

രൂത്ത് 2:22

നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വേറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെതന്നെ പോകുന്നതു നന്ന് എന്നു പറഞ്ഞു.

രൂത്ത് 2:23

അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.