സംഖ്യാപുസ്തകം - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

സംഖ്യാപുസ്തകം 8:1

യഹോവ മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 8:2

ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചം കൊടുക്കേണം എന്ന് അഹരോനോടു പറക.

സംഖ്യാപുസ്തകം 8:3

അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചു കൊളുത്തി.

സംഖ്യാപുസ്തകം 8:4

നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.

സംഖ്യാപുസ്തകം 8:5

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:

സംഖ്യാപുസ്തകം 8:6

ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തു ശുചീകരിക്ക.

സംഖ്യാപുസ്തകം 8:7

അവരെ ശുചീകരിക്കേണ്ടതിന് ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെമേൽ തളിക്കേണം; അവർ സർവാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നെ ശുചീകരിക്കേണം.

സംഖ്യാപുസ്തകം 8:8

അതിന്റെശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണ ചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിനായി നീ വേറേ ഒരു കാളക്കിടാവിനെയും എടുക്കേണം.

സംഖ്യാപുസ്തകം 8:9

ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.

സംഖ്യാപുസ്തകം 8:10

പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെമേൽ കൈ വയ്ക്കേണം.

സംഖ്യാപുസ്തകം 8:11

യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.

സംഖ്യാപുസ്തകം 8:12

ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.

സംഖ്യാപുസ്തകം 8:13

നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവയ്ക്കു നീരാജനയാഗമായി അർപ്പിക്കേണം.

സംഖ്യാപുസ്തകം 8:14

ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം.

സംഖ്യാപുസ്തകം 8:15

അതിന്റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിനു ലേവ്യർക്ക് അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അർപ്പിക്കേണം.

സംഖ്യാപുസ്തകം 8:16

അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.

സംഖ്യാപുസ്തകം 8:17

മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂലൊക്കെയും എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെയൊക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.

സംഖ്യാപുസ്തകം 8:18

എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.

സംഖ്യാപുസ്തകം 8:19

യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തു വരുമ്പോൾ അവരുടെ ഇടയിൽ ബാധ ഉണ്ടാകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.

സംഖ്യാപുസ്തകം 8:20

അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെതന്നെ യിസ്രായേൽമക്കൾ അവർക്കു ചെയ്തു.

സംഖ്യാപുസ്തകം 8:21

ലേവ്യർ തങ്ങൾക്കുതന്നെ പാപശുദ്ധി വരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.

സംഖ്യാപുസ്തകം 8:22

അതിന്റെശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേല ചെയ്‍വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെതന്നെ അവർ അവർക്കു ചെയ്തു.

സംഖ്യാപുസ്തകം 8:23

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 8:24

ലേവ്യർക്കുള്ള പ്രമാണം ആവിത്: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേല ചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.

സംഖ്യാപുസ്തകം 8:25

അമ്പതു വയസ്സുമുതലോ അവർ വേല ചെയ്യുന്ന സേവയിൽനിന്ന് ഒഴിയേണം;

സംഖ്യാപുസ്തകം 8:26

പിന്നെ സേവിക്കേണ്ടാ; എങ്കിലും സമാഗമനകൂടാരത്തിലെ കാര്യം നോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം.