യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവയ്ക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിനു നാസീർവ്രതം എന്ന വിശേഷവിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ
വീഞ്ഞും മദ്യവും വർജിച്ചിരിക്കേണം; വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുത്.
തന്റെ നാസീർവ്രത കാലത്തൊക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്.
നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം; തലമുടി വളർത്തേണം.
അവൻ യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്;
അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
നാസീർവ്രതകാലത്തൊക്കെയും അവൻ യഹോവയ്ക്കു വിശുദ്ധൻ ആകുന്നു.
അവന്റെ അടുക്കൽവച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യേണം.
എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴച്ചതുകൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കേണം.
അവൻ വീണ്ടും തന്റെ നാസീർവ്രതത്തിന്റെ കാലം യഹോവയ്ക്കു വേർതിരിച്ച് ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം; അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
വ്രതസ്ഥന്റെ പ്രമാണം ആവിത്: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
അവൻ യഹോവയ്ക്കു വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
ഒരു കുട്ടയിൽ എണ്ണ ചേർത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം.
പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം.
അവൻ ആട്ടുകൊറ്റനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവയ്ക്കു സമാധാനയാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം.
പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻകീഴുള്ള തീയിൽ ഇടേണം;
വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കൈയിൽ വയ്ക്കേണം.
പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ചചെയ്ത കൈക്കുറകോടും കൂടെ പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെശേഷം വ്രതസ്ഥനു വീഞ്ഞു കുടിക്കാം.
നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതുതന്നെ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിനനുസരണമായി തന്നെ അവൻ ചെയ്യേണം.
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാൽ:
യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;
യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;
യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വയ്ക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.