യഹോവ സീനായിപർവതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിത്:
അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
പുരോഹിതശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവതന്നെ.
എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോനു ശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ മുമ്പാകെ നിർത്തുക.
അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവനു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.
അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെയൊക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:
ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ട് പ്രായമുള്ള ആണിനെയൊക്കെയും നീ എണ്ണേണം.
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.
കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.
കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉദ്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറ്.
ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം.
ഗേർശോന്യരുടെ പിതൃഭവനത്തിനു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീലയും
തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു.
കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉദ്ഭവിച്ചു. ഇവ കെഹാത്യരുടെ കുടുംബങ്ങൾ.
ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കേ ഭാഗത്തു പാളയമിറങ്ങേണം.
കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേലയൊക്കെയും ആകുന്നു.
പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാന പ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശിയരുടെ കുടുംബവും ഉദ്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവതന്നെ.
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തി ഇരുനൂറു പേർ.
മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കേ ഭാഗത്തു പാളയമിറങ്ങേണം.
മെരാര്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങളൊക്കെയും, അതു സംബന്ധിച്ചുള്ള എല്ലാ വേലയും,
പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവ.
എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്ക്, സമാഗമനകൂടാരത്തിന്റെ മുൻവശത്തുതന്നെ, സൂര്യോദയത്തിനു നേരേ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.
യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെയൊക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
യിസ്രായേൽമക്കളിലെ എല്ലാ കടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ട് എടുക്കേണം; ഞാൻ യഹോവ ആകുന്നു.
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാ കടിഞ്ഞൂലുകളെയും എണ്ണി.
ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തി ഇരുനൂറ്റെഴുപത്തിമൂന്ന് ആയിരുന്നു.
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
യിസ്രായേൽമക്കളിൽ എല്ലാ കടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തിമൂന്നു പേരുടെ വീണ്ടെടുപ്പിനായി
തലയ്ക്ക് അഞ്ചു ശേക്കെൽ വീതം വാങ്ങേണം; വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപതു ഗേരാ വച്ചു വാങ്ങേണം.
അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്റെ മക്കൾക്കും കൊടുക്കേണം.
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മുന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.
യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.