സംഖ്യാപുസ്തകം - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

സംഖ്യാപുസ്തകം 2:1

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 2:2

യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.

സംഖ്യാപുസ്തകം 2:3

യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിനു നേരേ പാളയമിറങ്ങേണം; യെഹൂദായുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:4

അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തിഅറുനൂറു പേർ.

സംഖ്യാപുസ്തകം 2:5

അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:6

അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തിനാനൂറു പേർ.

സംഖ്യാപുസ്തകം 2:7

പിന്നെ സെബൂലൂൻഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:8

അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തിനാനൂറു പേർ.

സംഖ്യാപുസ്തകം 2:9

യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തിനാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.

സംഖ്യാപുസ്തകം 2:10

രൂബേൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:11

അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.

സംഖ്യാപുസ്തകം 2:12

അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:13

അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേർ.

സംഖ്യാപുസ്തകം 2:14

പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:15

അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തിഅറുനൂറ്റമ്പതു പേർ.

സംഖ്യാപുസ്തകം 2:16

രൂബേൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം.

സംഖ്യാപുസ്തകം 2:17

പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.

സംഖ്യാപുസ്തകം 2:18

എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:19

അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ.

സംഖ്യാപുസ്തകം 2:20

അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:21

അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറു പേർ.

സംഖ്യാപുസ്തകം 2:22

പിന്നെ ബെന്യാമീൻഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:23

അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തിനാനൂറു പേർ.

സംഖ്യാപുസ്തകം 2:24

എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.

സംഖ്യാപുസ്തകം 2:25

ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കേഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:26

അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറു പേർ.

സംഖ്യാപുസ്തകം 2:27

അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:28

അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ.

സംഖ്യാപുസ്തകം 2:29

പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.

സംഖ്യാപുസ്തകം 2:30

അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറു പേർ.

സംഖ്യാപുസ്തകം 2:31

ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തി അറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.

സംഖ്യാപുസ്തകം 2:32

യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർതന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു.

സംഖ്യാപുസ്തകം 2:33

എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.

സംഖ്യാപുസ്തകം 2:34

യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെതന്നെ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെതന്നെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.