ലേവ്യാപുസ്തകം - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

ലേവ്യാപുസ്തകം 3:1

ഒരുവന്റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.

ലേവ്യാപുസ്തകം 3:2

തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

ലേവ്യാപുസ്തകം 3:3

അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന

ലേവ്യാപുസ്തകം 3:4

സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.

ലേവ്യാപുസ്തകം 3:5

അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

ലേവ്യാപുസ്തകം 3:6

യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കേണം.

ലേവ്യാപുസ്തകം 3:7

ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.

ലേവ്യാപുസ്തകം 3:8

തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

ലേവ്യാപുസ്തകം 3:9

അവൻ സമാധാനയാഗത്തിൽനിന്ന് അതിന്റെ മേദസ്സും തടിച്ച വാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള

ലേവ്യാപുസ്തകം 3:10

സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.

ലേവ്യാപുസ്തകം 3:11

പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവയ്ക്കു ദഹനയാഗഭോജനം.

ലേവ്യാപുസ്തകം 3:12

അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.

ലേവ്യാപുസ്തകം 3:13

അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

ലേവ്യാപുസ്തകം 3:14

അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള

ലേവ്യാപുസ്തകം 3:15

സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കേണം.

ലേവ്യാപുസ്തകം 3:16

പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.

ലേവ്യാപുസ്തകം 3:17

മേദസ്സും രക്തവും തിന്നരുത് എന്നുള്ളതു നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.