ലേവ്യാപുസ്തകം - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

ലേവ്യാപുസ്തകം 10:1

അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.

ലേവ്യാപുസ്തകം 10:2

ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

ലേവ്യാപുസ്തകം 10:3

അപ്പോൾ മോശെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്ത്വപ്പെടും എന്ന് യഹോവ അരുളിച്ചെയ്തത് ഇതുതന്നെ എന്ന് അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

ലേവ്യാപുസ്തകം 10:4

പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ച് അവരോട്: നിങ്ങൾ അടുത്തു ചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്തു കൊണ്ടുപോകുവിൻ എന്നുപറഞ്ഞു.

ലേവ്യാപുസ്തകം 10:5

മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിനു പുറത്തു കൊണ്ടുപോയി.

ലേവ്യാപുസ്തകം 10:6

പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സർവസഭയുടെയുംമേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹമൊക്കെയും യഹോവ ദഹിപ്പിച്ച ദഹനം നിമിത്തം കരയട്ടെ.

ലേവ്യാപുസ്തകം 10:7

നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.

ലേവ്യാപുസ്തകം 10:8

യഹോവ അഹരോനോട് അരുളിച്ചെയ്തത്:

ലേവ്യാപുസ്തകം 10:9

നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

ലേവ്യാപുസ്തകം 10:10

ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിനും

ലേവ്യാപുസ്തകം 10:11

യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകല പ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ.

ലേവ്യാപുസ്തകം 10:12

അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിൻ; അത് അതിവിശുദ്ധം.

ലേവ്യാപുസ്തകം 10:13

അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

ലേവ്യാപുസ്തകം 10:14

നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളൊരു സ്ഥലത്തുവച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

ലേവ്യാപുസ്തകം 10:15

മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.

ലേവ്യാപുസ്തകം 10:16

പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപര്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:

ലേവ്യാപുസ്തകം 10:17

പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?

ലേവ്യാപുസ്തകം 10:18

അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.

ലേവ്യാപുസ്തകം 10:19

അപ്പോൾ അഹരോൻ മോശെയോട്: ഇന്ന് അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ; ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവയ്ക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

ലേവ്യാപുസ്തകം 10:20

ഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു.