അയ്യോ, ജനപൂർണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായികയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ?
രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവച്ച് അവളെ എത്തിപ്പിടിക്കുന്നു.
ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
സീയോൻപുത്രിയുടെ മഹത്ത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽകാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
കഷ്ടാരിഷ്ടതകളുടെ കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കൈയിൽ അകപ്പെട്ടപ്പോൾ, വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ട് പിന്നോക്കം തിരിയുന്നു.
അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ.
അവളുടെ സകല മനോഹര വസ്തുക്കളിന്മേലും വൈരി കൈവച്ചിരിക്കുന്നു; നിന്റെ സഭയിൽ പ്രവേശിക്കരുതെന്ന് നീ കല്പിച്ച ജാതികൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.
അവളുടെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിനുവേണ്ടി അവർ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.
കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവൻ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!
ഉയരത്തിൽനിന്ന് അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന് അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകൈയാൽ പിണച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ പിണഞ്ഞിരിക്കുന്നു; അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിർത്തുനില്പാൻ കഴിയാത്തവരുടെ കൈയിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.
എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു; എന്റെ യൗവനക്കാരെ തകർത്തു കളയേണ്ടതിന് അവൻ എന്റെ നേരേ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.
ഇതുനിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു.
സീയോൻ കൈ മലർത്തുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന് അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.
ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.
യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ.
ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും.
അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.