ന്യായാധിപന്മാർ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

ന്യായാധിപന്മാർ 8:1

എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധം ചെയ്‍വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു.

ന്യായാധിപന്മാർ 8:2

അതിന് അവൻ: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കയല്ലയോ നല്ലത്?

ന്യായാധിപന്മാർ 8:3

നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്ക് അവനോടുള്ള കോപം ശമിച്ചു.

ന്യായാധിപന്മാർ 8:4

അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.

ന്യായാധിപന്മാർ 8:5

അവൻ സുക്കോത്തിലെ നിവാസികളോട്: എന്റെ കൂടെയുള്ള പടജ്ജനത്തിന് അപ്പം കൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:6

നിന്റെ സൈന്യത്തിനു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.

ന്യായാധിപന്മാർ 8:7

അതിനു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:8

അവിടെനിന്ന് അവൻ പെനൂവേലിലേക്കു ചെന്ന് അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത്നിവാസികൾ ഉത്തരം പറഞ്ഞതുപോലെതന്നെ പെനൂവേൽനിവാസികളും പറഞ്ഞു.

ന്യായാധിപന്മാർ 8:9

അവൻ പെനൂവേൽ നിവാസികളോട്: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:10

എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.

ന്യായാധിപന്മാർ 8:11

ഗിദെയോൻ നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.

ന്യായാധിപന്മാർ 8:12

സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ്, സൽമുന്ന എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.

ന്യായാധിപന്മാർ 8:13

അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങി വരുമ്പോൾ

ന്യായാധിപന്മാർ 8:14

സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴ് ആളുടെ പേർ അവന് എഴുതിക്കൊടുത്തു.

ന്യായാധിപന്മാർ 8:15

അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:16

അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് സുക്കോത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചു.

ന്യായാധിപന്മാർ 8:17

അവൻ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.

ന്യായാധിപന്മാർ 8:18

പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്ന് അവർ ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ 8:19

അതിന് അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾതന്നെ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:20

പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു.

ന്യായാധിപന്മാർ 8:21

അപ്പോൾ സേബഹും സൽമുന്നയും: നീ തന്നെ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.

ന്യായാധിപന്മാർ 8:22

അനന്തരം യിസ്രായേല്യർ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്റെ കൈയിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെതന്നെ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:23

ഗിദെയോൻ അവരോട്: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു.

ന്യായാധിപന്മാർ 8:24

പിന്നെ ഗിദെയോൻ അവരോട്: ഞാൻ നിങ്ങളോട് ഒന്ന് അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് അവർക്ക് പൊൻകടുക്കൻ ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 8:25

ഞങ്ങൾ സന്തോഷത്തോടെ തരാം എന്ന് അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ച് ഓരോരുത്തനു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.

ന്യായാധിപന്മാർ 8:26

അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 8:27

ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.

ന്യായാധിപന്മാർ 8:28

എന്നാൽ മിദ്യാൻ തല പൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

ന്യായാധിപന്മാർ 8:29

യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു.

ന്യായാധിപന്മാർ 8:30

ഗിദെയോന് വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 8:31

ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക് എന്ന് അവൻ പേരിട്ടു.

ന്യായാധിപന്മാർ 8:32

യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ 8:33

ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്ന് ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.

ന്യായാധിപന്മാർ 8:34

യിസ്രായേൽമക്കൾ ചുറ്റുമുള്ള സകല ശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.

ന്യായാധിപന്മാർ 8:35

ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിനു ചെയ്ത എല്ലാ നന്മയ്ക്കും തക്കവണ്ണം അവന്റെ കുടുംബത്തോടു ദയ ചെയ്തതുമില്ല.