ന്യായാധിപന്മാർ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

ന്യായാധിപന്മാർ 7:1

അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനമൊക്കെയും അതികാലത്തു പുറപ്പെട്ട് ഹരോദ് ഉറവിനരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്ക് മോരേക്കുന്നിനരികെ താഴ്വരയിൽ ആയിരുന്നു.

ന്യായാധിപന്മാർ 7:2

യഹോവ ഗിദെയോനോട്: നിന്നോടുകൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എന്റെ നേരേ വമ്പു പറയാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏല്പിക്കയില്ല.

ന്യായാധിപന്മാർ 7:3

ആകയാൽ നീ ചെന്ന് ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ്പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരം പേർ ശേഷിച്ചു.

ന്യായാധിപന്മാർ 7:4

യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെവച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു.

ന്യായാധിപന്മാർ 7:5

അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറേയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിറുത്തുക എന്നു കല്പിച്ചു.

ന്യായാധിപന്മാർ 7:6

കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറു പേരായിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.

ന്യായാധിപന്മാർ 7:7

യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.

ന്യായാധിപന്മാർ 7:8

അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയയ്ക്കയും ആ മുന്നൂറു പേരെ നിറുത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

ന്യായാധിപന്മാർ 7:9

അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: എഴുന്നേറ്റു പാളയത്തിന്റെ നേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.

ന്യായാധിപന്മാർ 7:10

ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്ക് ഇറങ്ങിച്ചെല്ലുക.

ന്യായാധിപന്മാർ 7:11

എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്നു നീ കേൾക്കും; അതിന്റെശേഷം പാളയത്തിന്റെ നേരേ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.

ന്യായാധിപന്മാർ 7:12

എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്ക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.

ന്യായാധിപന്മാർ 7:13

ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടുവന്നു കൂടാരംവരെ എത്തി അതിനെ തള്ളിമറിച്ചിട്ട് അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 7:14

അതിനു മറ്റവൻ: ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെയൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

ന്യായാധിപന്മാർ 7:15

ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 7:16

അനന്തരം അവൻ ആ മുന്നൂറു പേരെ മൂന്നു കൂട്ടമായി വിഭാഗിച്ച് ഓരോരുത്തന്റെ കൈയിൽ ഓരോ കാഹളവും വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്ത്,

ന്യായാധിപന്മാർ 7:17

അവരോടു പറഞ്ഞത്: ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്ത് എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ,

ന്യായാധിപന്മാർ 7:18

ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിൻ.

ന്യായാധിപന്മാർ 7:19

മധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കൈയിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടച്ചു.

ന്യായാധിപന്മാർ 7:20

മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാൾ എന്ന് ആർത്തു.

ന്യായാധിപന്മാർ 7:21

അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.

ന്യായാധിപന്മാർ 7:22

ആ മുന്നൂറു പേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരേ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിനരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.

ന്യായാധിപന്മാർ 7:23

യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.

ന്യായാധിപന്മാർ 7:24

ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരേ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കുമുമ്പേ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെതന്നെ എഫ്രയീമ്യരൊക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.

ന്യായാധിപന്മാർ 7:25

ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിനരികെയുംവച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.