ന്യായാധിപന്മാർ - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

ന്യായാധിപന്മാർ 2:1

അനന്തരം യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽനിന്ന് ബോഖീമിലേക്കു വന്നുപറഞ്ഞത്: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കയില്ല എന്നും

ന്യായാധിപന്മാർ 2:2

നിങ്ങൾ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്ക് അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്ത്?

ന്യായാധിപന്മാർ 2:3

അതുകൊണ്ട് ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവർ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാർ നിങ്ങൾക്കു കെണിയായും ഇരിക്കും എന്നു ഞാൻ പറയുന്നു.

ന്യായാധിപന്മാർ 2:4

യഹോവയുടെ ദൂതൻ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.

ന്യായാധിപന്മാർ 2:5

അവർ ആ സ്ഥലത്തിന് ബോഖീം (കരയുന്നവർ) എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗം കഴിച്ചു.

ന്യായാധിപന്മാർ 2:6

എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.

ന്യായാധിപന്മാർ 2:7

യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.

ന്യായാധിപന്മാർ 2:8

എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

ന്യായാധിപന്മാർ 2:9

അവനെ എഫ്രയീംപർവതത്തിലെ തിമ്നാത്ത്-ഹേരെസിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്റെ അവകാശഭൂമിയിൽ അടക്കം ചെയ്തു.

ന്യായാധിപന്മാർ 2:10

പിന്നെ ആ തലമുറയൊക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെശേഷം യഹോവയെയും അവൻ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.

ന്യായാധിപന്മാർ 2:11

എന്നാൽ യിസ്രായേൽമക്കൾ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു,

ന്യായാധിപന്മാർ 2:12

തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ച് യഹോവയെ കോപിപ്പിച്ചു.

ന്യായാധിപന്മാർ 2:13

അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

ന്യായാധിപന്മാർ 2:14

യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവർച്ച ചെയ്യേണ്ടതിന് അവൻ അവരെ കവർച്ചക്കാരുടെ കൈയിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്കു പിന്നെ കഴിഞ്ഞില്ല.

ന്യായാധിപന്മാർ 2:15

യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.

ന്യായാധിപന്മാർ 2:16

എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.

ന്യായാധിപന്മാർ 2:17

അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗം ചെയ്ത് അവയെ നമസ്കരിച്ച്, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്ന് വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.

ന്യായാധിപന്മാർ 2:18

യഹോവ അവർക്ക് ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപനോടു കൂടെയിരുന്ന് അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്കു മനസ്സലിവു തോന്നും.

ന്യായാധിപന്മാർ 2:19

എന്നാൽ ആ ന്യായാധിപൻ മരിച്ചശേഷം അവർ തിരിഞ്ഞ് അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചുംകൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്തം പ്രവർത്തിക്കും; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.

ന്യായാധിപന്മാർ 2:20

അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ച് എന്റെ വാക്കു കേൾക്കായ്കയാൽ

ന്യായാധിപന്മാർ 2:21

അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിനു ഞാനും,

ന്യായാധിപന്മാർ 2:22

യോശുവ മരിക്കുമ്പോൾ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്ന് അവൻ അരുളിച്ചെയ്തു.

ന്യായാധിപന്മാർ 2:23

അങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കൈയിൽ ഏല്പിക്കാതെയും വച്ചിരുന്നു.