യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്ത് എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നുപാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്ത് അവനെ വിട്ടു യെഹൂദായിലെ ബേത്‍ലഹേമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാർത്തു.
അവളുടെ ഭർത്താവ് പുറപ്പെട്ട് അവളോടു നല്ല വാക്കു പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവന്റെ വരവിങ്കൽ സന്തോഷിച്ചു.
യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.
നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റു യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.
അങ്ങനെ അവർ ഇരുന്നു രണ്ടുപേരുംകൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോട്: ദയചെയ്തു രാപാർത്തു സുഖിച്ചുകൊൾക എന്നു പറഞ്ഞു.
അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ അവന്റെ അമ്മാവിയപ്പൻ അവനെ നിർബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.
അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടു പേരും ഭക്ഷണം കഴിച്ചു.
പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനോട്: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്തു സുഖിക്ക; നാളെ അതികാലത്ത് എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.
എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിനു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടു കൂടെയുണ്ടായിരുന്നു.
അവൻ യെബൂസിനു സമീപം എത്തിയപ്പോൾ നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ എന്നു പറഞ്ഞു.
യജമാനൻ അവനോട്: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.
അവൻ പിന്നെയും തന്റെ ബാല്യക്കാരനോട്: നമുക്ക് ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമായിലോ രാപാർക്കാം എന്നു പറഞ്ഞു.
അങ്ങനെ അവർ മുമ്പോട്ടു പോയി ബെന്യാമീൻദേശത്തിലെ ഗിബെയയ്ക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിനു അവരെ വീട്ടിൽ കൈക്കൊൾവാൻ ആരെയും കണ്ടില്ല.
അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേല കഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നുപാർക്കുന്നവനുമായിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.
വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.
അതിന് അവൻ: ഞങ്ങൾ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തേക്കു പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദായിലെ ബേത്‍ലഹേമിനോളം പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.
ഞങ്ങളുടെ കഴുതകൾക്കു വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടു കൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശമുണ്ട്, ഒന്നിനും കുറവില്ല എന്നു പറഞ്ഞു.
അതിനു വൃദ്ധൻ: നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്ക മാത്രമരുത് എന്നു പറഞ്ഞു,
അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്കു തീൻ കൊടുത്തു; അവരും കാലുകൾ കഴുകി ഭക്ഷണപാനീയങ്ങൾ കഴിച്ചു.
ഇങ്ങനെ അവർ സുഖിച്ചുകൊണ്ടിരിക്കുമ്പോൾ പട്ടണത്തിലെ ചില നീചന്മാർ വീടുവളഞ്ഞു വാതിലിനു മുട്ടി: നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കകൊണ്ട് ഈ വഷളത്തം പ്രവർത്തിക്കരുതേ.
ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെയുണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിൻ; ഈ ആളോടോ ഈവക വഷളത്തം പ്രവർത്തിക്കരുതേ എന്നു പറഞ്ഞു.
എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ പുണർന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാൽക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.
പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതിൽക്കൽ വീണുകിടന്നു.
അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതിൽ തുറന്നു തന്റെ വഴിക്കു പോകുവാൻ പുറത്തിറങ്ങിയപ്പോൾ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതിൽക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
അവൻ അവളോട്: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിനു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തുവച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,
വീട്ടിലെത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകല ദിക്കുകളിലും കൊടുത്തയച്ചു.
അതു കണ്ടവർ എല്ലാവരും: യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു വന്ന നാൾമുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ആലോചിച്ച് അഭിപ്രായം പറവിൻ എന്നു പറഞ്ഞു.