അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ അക്കാലം തങ്ങൾക്കു കുടിപാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ അവകാശം സ്വാധീനമായി വന്നിരുന്നില്ല.
അങ്ങനെയിരിക്കെ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിനു ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽനിന്നും അയച്ചു, അവരോട്: നിങ്ങൾ ചെന്നു ദേശം ശോധനചെയ്‍വിൻ എന്നു പറഞ്ഞു.
അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാർത്തു. മീഖാവിന്റെ വീട്ടിനരികെ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞ് അവിടെ കയറിച്ചെന്ന് അവനോട്: നിന്നെ ഇവിടെ കൊണ്ടുവന്നത് ആർ? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്ക് ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.
അവൻ അവരോട്: മീഖാവ് എനിക്ക് ഇന്നിന്നതു ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിനു നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു എന്നു പറഞ്ഞു.
അവർ അവനോട്: ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ എന്ന് അറിയേണ്ടതിനു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.
പുരോഹിതൻ അവരോട്: സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്ര യഹോവയ്ക്കു സമ്മതംതന്നെ എന്നു പറഞ്ഞു.
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കു ദോഷം ചെയ്‍വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കു സംസർഗവുമില്ല എന്നു കണ്ടു.
പിന്നെ അവർ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: നിങ്ങൾ എന്തു വർത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു.
അതിന് അവർ: എഴുന്നേല്പിൻ; നാം അവരുടെ നേരേ ചെല്ലുക; ആ ദേശം ബഹുവിശേഷം എന്നു ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിനു പോകുവാൻ മടിക്കരുത്.
നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നെ എന്നു പറഞ്ഞു.
അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.
അവർ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്നു പേർ പറയുന്നു; അതു കിര്യത്ത്-യെയാരീമിന്റെ പിൻവശത്ത് ഇരിക്കുന്നു.
അവിടെനിന്ന് അവർ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്റെ വീട്ടിനരികെ എത്തി.
അപ്പോൾ ലയീശ്ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോട്: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെന്നു വിചാരിച്ചുകൊൾവിൻ.
അവർ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേർന്ന ലേവ്യയുവാവിന്റെ വീട്ടിൽ ചെന്ന് അവനോടു കുശലം ചോദിച്ചു.
യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറു പേരും വാതിൽക്കൽ നിന്നു.
ദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചു പേരും അകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറു പേരുടെ അടുക്കൽ നിന്നിരുന്നു.
ഇവർ മീഖാവിന്റെ വീട്ടിനകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോട്: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.
അവർ അവനോട്: മിണ്ടരുത്; നിന്റെ വായ് പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിനുമാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലത് എന്നു ചോദിച്ചു.
അപ്പോൾ പുരോഹിതന്റെ മനം തെളിഞ്ഞു; അവൻ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവിൽ നടന്നു.
ഇങ്ങനെ അവർ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണംചെയ്തു.
അവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പോൾ മീഖാവിന്റെ വീട്ടിനോടു ചേർന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്നു.
അവർ ദാന്യരെ കൂകിവിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോട്: നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്ത് എന്നു ചോദിച്ചു.
ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളൂ? നിനക്ക് എന്ത് എന്നു നിങ്ങൾ എന്നോടു ചോദിക്കുന്നത് എങ്ങനെ എന്ന് അവൻ പറഞ്ഞു.
ദാന്യർ അവനോട്: നിന്റെ ഒച്ച ഇവിടെ കേൾക്കരുത്: അല്ലെങ്കിൽ ദ്വേഷ്യക്കാർ നിങ്ങളോടു കയർത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാൻ നീ സംഗതി വരുത്തും എന്നു പറഞ്ഞു.
അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ട് വീട്ടിലേക്കു മടങ്ങിപ്പോന്നു.
മീഖാവ് തീർപ്പിച്ചവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവച്ചു ചുട്ടുകളഞ്ഞു.
അതു സീദോന് അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവർക്കു സംസർഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു.
അവർ പട്ടണം വീണ്ടും പണിത് അവിടെ കുടിപാർക്കയും യിസ്രായേലിനു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻപ്രകാരം നഗരത്തിനു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ട് ആ പട്ടണത്തിനു ലയീശ് എന്നു പേർ ആയിരുന്നു.
ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്കു പുരോഹിതന്മാരായിരുന്നു.
ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് തീർപ്പിച്ച വിഗ്രഹം അവർ വച്ചു പൂജിച്ചുപോന്നു.