ന്യായാധിപന്മാർ - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

ന്യായാധിപന്മാർ 16:1

അനന്തരം ശിംശോൻ ഗസ്സയിൽ ചെന്ന് അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു.

ന്യായാധിപന്മാർ 16:2

ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്ക് അറിവുകിട്ടി; അവർ വന്നു വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രി മുഴുവനും അനങ്ങാതിരുന്നു.

ന്യായാധിപന്മാർ 16:3

ശിംശോൻ അർധരാത്രിവരെ കിടന്നുറങ്ങി അർധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടിളക്കാൽരണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവച്ചു പുറപ്പെട്ട് ഹെബ്രോനെതിരേയുള്ള മലമുകളിൽ കൊണ്ടുപോയി.

ന്യായാധിപന്മാർ 16:4

അതിന്റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.

ന്യായാധിപന്മാർ 16:5

ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്ന് അവളോട്: നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന് എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:6

അങ്ങനെ ദെലീലാ ശിംശോനോട്: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:7

ശിംശോൻ അവളോട്: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:8

ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ട് അവൾ അവനെ ബന്ധിച്ചു.

ന്യായാധിപന്മാർ 16:9

അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.

ന്യായാധിപന്മാർ 16:10

പിന്നെ ദെലീലാ ശിംശോനോട്: നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:11

അവൻ അവളോട്: ഒരിക്കലും പെരുമാറിയിട്ടില്ലാത്ത പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:12

ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്ന് അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്ന് അതു പൊട്ടിച്ചുകളഞ്ഞു.

ന്യായാധിപന്മാർ 16:13

ദെലീലാ ശിംശോനോട്: ഇതുവരെ നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോട്: എന്റെ തലയിലെ ഏഴു ജട നൂൽപാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:14

അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചും വച്ച് അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.

ന്യായാധിപന്മാർ 16:15

അപ്പോൾ അവൾ അവനോട്: നിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നത് എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ ആകുന്നു എന്ന് എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:16

ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ച് അസഹ്യപ്പെടുത്തി; അവൻ മരിപ്പാൻതക്കവണ്ണം വ്യസനപരവശനായിത്തീർന്നിട്ട് തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു:

ന്യായാധിപന്മാർ 16:17

ക്ഷൗരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിനു വ്രതസ്ഥൻ ആകുന്നു; ക്ഷൗരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്ന് അവളോടു പറഞ്ഞു.

ന്യായാധിപന്മാർ 16:18

തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കൈയിൽ കൊണ്ടുവന്നു.

ന്യായാധിപന്മാർ 16:19

അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി.

ന്യായാധിപന്മാർ 16:20

പിന്നെ അവൾ: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.

ന്യായാധിപന്മാർ 16:21

ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ച് ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു.

ന്യായാധിപന്മാർ 16:22

അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി.

ന്യായാധിപന്മാർ 16:23

അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.

ന്യായാധിപന്മാർ 16:24

പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി.

ന്യായാധിപന്മാർ 16:25

അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്.

ന്യായാധിപന്മാർ 16:26

ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോട്: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന് ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:27

എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 16:28

അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടു കണ്ണിനുംവേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 16:29

ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തൂണും ഒന്നു വലംകൈകൊണ്ടും മറ്റേത് ഇടംകൈകൊണ്ടും ശിംശോൻ പിടിച്ച് അവയോടു ചാരി:

ന്യായാധിപന്മാർ 16:30

ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകല ജനത്തിന്റെയുംമേൽ വീണു. അങ്ങനെ അവൻ മരണസമയത്ത് കൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.

ന്യായാധിപന്മാർ 16:31

അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്ന് അവനെ എടുത്ത് സോരെയ്ക്കും എസ്തായോലിനും മധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കം ചെയ്തു. അവൻ യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.