ന്യായാധിപന്മാർ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 40 വരെ

ന്യായാധിപന്മാർ 11:1

ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.

ന്യായാധിപന്മാർ 11:2

ഗിലെയാദിന്റെ ഭാര്യയും അവനു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞ് അവനെ നീക്കിക്കളഞ്ഞു.

ന്യായാധിപന്മാർ 11:3

അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഞ്ചരിച്ചു.

ന്യായാധിപന്മാർ 11:4

കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു.

ന്യായാധിപന്മാർ 11:5

അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു.

ന്യായാധിപന്മാർ 11:6

അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിനു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:7

യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകച്ച് പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിനു വരുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:8

ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:9

യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.

ന്യായാധിപന്മാർ 11:10

ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:11

അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പായിൽവച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.

ന്യായാധിപന്മാർ 11:12

അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധം ചെയ്‍വാൻ എന്റെ ദേശത്തു വരേണ്ടതിന് എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.

ന്യായാധിപന്മാർ 11:13

അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻമുതൽ യബ്ബോക് വരെയും യോർദ്ദാൻവരെയും ഉള്ള എന്റെ ദേശം അടക്കിയതു കൊണ്ടു തന്നെ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:14

യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്,

ന്യായാധിപന്മാർ 11:15

അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:

ന്യായാധിപന്മാർ 11:16

യിസ്രായേൽ മോവാബ്‍ദേശമോ അമ്മോന്യരുടെ ദേശമോ അടക്കിയിട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.

ന്യായാധിപന്മാർ 11:17

യിസ്രായേൽ എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവ് കേട്ടില്ല; മോവാബ്‍രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.

ന്യായാധിപന്മാർ 11:18

അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേശവും ചുറ്റിച്ചെന്ന് മോവാബ്‍ദേശത്തിന്റെ കിഴക്ക് എത്തി അർന്നോനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർത്തിക്കകത്ത് അവർ കടന്നില്ല.

ന്യായാധിപന്മാർ 11:19

പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു.

ന്യായാധിപന്മാർ 11:20

എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടെ കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.

ന്യായാധിപന്മാർ 11:21

യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകല ജനത്തെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശമൊക്കെയും കൈവശമാക്കി.

ന്യായാധിപന്മാർ 11:22

അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശമൊക്കെയും അവർ പിടിച്ചടക്കി.

ന്യായാധിപന്മാർ 11:23

യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ?

ന്യായാധിപന്മാർ 11:24

നിന്റെ ദേവനായ കെമോശ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.

ന്യായാധിപന്മാർ 11:25

സിപ്പോരിന്റെ മകനായ ബാലാക് എന്ന മോവാബ്‍രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?

ന്യായാധിപന്മാർ 11:26

യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്?

ന്യായാധിപന്മാർ 11:27

ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായം വിധിക്കട്ടെ.

ന്യായാധിപന്മാർ 11:28

എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്ക് അമ്മോന്യരുടെ രാജാവ് കൂട്ടാക്കിയില്ല.

ന്യായാധിപന്മാർ 11:29

അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു.

ന്യായാധിപന്മാർ 11:30

യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കൈയിൽ ഏല്പിക്കുമെങ്കിൽ

ന്യായാധിപന്മാർ 11:31

ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.

ന്യായാധിപന്മാർ 11:32

ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്റെ കൈയിൽ ഏല്പിച്ചു.

ന്യായാധിപന്മാർ 11:33

അവൻ അവർക്ക് അരോവേർമുതൽ മിന്നീത്ത്‍വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.

ന്യായാധിപന്മാർ 11:34

എന്നാൽ യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല.

ന്യായാധിപന്മാർ 11:35

അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ, എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:36

അവൾ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 11:37

എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാൻ പർവതങ്ങളിൽ ചെന്ന് എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവൾ തന്റെ അപ്പനോടു പറഞ്ഞു.

ന്യായാധിപന്മാർ 11:38

അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവതങ്ങളിൽ വിലാപം കഴിച്ചു.

ന്യായാധിപന്മാർ 11:39

രണ്ടു മാസം കഴിഞ്ഞിട്ട് അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.

ന്യായാധിപന്മാർ 11:40

പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.