യോശുവ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

യോശുവ 8:1

അനന്തരം യഹോവ യോശുവയോട് അരുളിച്ചെയ്തത്: ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടജ്ജനത്തെയൊക്കെയും കൂട്ടി പുറപ്പെട്ട് ഹായിയിലേക്കു ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു.

യോശുവ 8:2

യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങൾക്ക് എടുത്തുകൊള്ളാം. പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിപ്പ് ആക്കേണം.

യോശുവ 8:3

അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാൻ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽ അയച്ചു,

യോശുവ 8:4

അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ.

യോശുവ 8:5

ഞാനും എന്നോടുകൂടെയുള്ള സകല ജനവും പട്ടണത്തോട് അടുക്കും; അവർ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരേ പുറപ്പെട്ടുവരുമ്പോൾ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും.

യോശുവ 8:6

അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്താകും. അവർ മുമ്പേപ്പോലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും.

യോശുവ 8:7

ഉടനെ നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏല്പിക്കും.

യോശുവ 8:8

പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീ വയ്ക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങൾ ചെയ്യേണം; സൂക്ഷിച്ചുകൊൾവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്നു.

യോശുവ 8:9

അങ്ങനെ യോശുവ അവരെ അയച്ച് അവർ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.

യോശുവ 8:10

യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു.

യോശുവ 8:11

അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.

യോശുവ 8:12

അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി.

യോശുവ 8:13

അവർ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.

യോശുവ 8:14

ഹായിരാജാവ് അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവൻ അറിഞ്ഞില്ല.

യോശുവ 8:15

യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.

യോശുവ 8:16

അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്തായി.

യോശുവ 8:17

ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.

യോശുവ 8:18

അപ്പോൾ യഹോവ യോശുവയോട്: നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തുക; ഞാൻ അതു നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തി.

യോശുവ 8:19

അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു.

യോശുവ 8:20

ഹായിപട്ടണക്കാർ പുറകോട്ടു നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതു കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരേ തിരിഞ്ഞു.

യോശുവ 8:21

പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.

യോശുവ 8:22

മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരേ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.

യോശുവ 8:23

ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.

യോശുവ 8:24

യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.

യോശുവ 8:25

അന്ന് പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവർ ആകെ പന്തീരായിരം പേർ; ഹായിപട്ടണക്കാർ എല്ലാവരും തന്നെ.

യോശുവ 8:26

ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.

യോശുവ 8:27

യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നെ എടുത്തു.

യോശുവ 8:28

പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.

യോശുവ 8:29

ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കൽക്കുന്നു കൂട്ടുകയും ചെയ്തു.

യോശുവ 8:30

അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിതു.

യോശുവ 8:31

യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരുമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നെ. അവർ അതിന്മേൽ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

യോശുവ 8:32

മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽമക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.

യോശുവ 8:33

എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപ്പേർ ഗെരിസീംപർവതത്തിന്റെ വശത്തും പാതിപ്പേർ ഏബാൽപർവതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്ന് യഹോവയുടെ ദാസനായ മോശെ മുമ്പേ കല്പിച്ചിരുന്നതുപോലെ തന്നെ.

യോശുവ 8:34

അതിന്റെ ശേഷം അവർ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.

യോശുവ 8:35

മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.