യോശുവ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

യോശുവ 17:1

യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.

യോശുവ 17:2

മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കൾ, ഹേലെക്കിന്റെ മക്കൾ, അസ്രീയേലിന്റെ മക്കൾ, ശെഖേമിന്റെ മക്കൾ, ഹേഫെരിന്റെ മക്കൾ, ശെമീദാവിന്റെ മക്കൾ എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കൾ ആയിരുന്നു.

യോശുവ 17:3

എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിനു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു; അവന്റെ പുത്രിമാർക്കും: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നു പേരായിരുന്നു.

യോശുവ 17:4

അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്കു തരുവാൻ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു.

യോശുവ 17:5

ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെക്ക് യോർദ്ദാനക്കരെ ഗിലെയാദ്‍ദേശവും ബാശാനും കൂടാതെ പത്ത് ഓഹരി കിട്ടി.

യോശുവ 17:6

മനശ്ശെയുടെ ശേഷം പുത്രന്മാർക്ക് ഗിലെയാദ്‍ദേശം കിട്ടി.

യോശുവ 17:7

മനശ്ശെയുടെ അതിരോ ആശേർമുതൽ ശെഖേമിനു കിഴക്കുള്ള മിഖ്മെഥാത്ത്‍വരെ ചെന്ന് വലത്തോട്ടു തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.

യോശുവ 17:8

തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു.

യോശുവ 17:9

പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.

യോശുവ 17:10

തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവന്റെ അതിർ ആകുന്നു; അത് വടക്ക് ആശേരിനോടും കിഴക്ക് യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു.

യോശുവ 17:11

യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ലെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നെ.

യോശുവ 17:12

എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർക്ക് ആ ദേശത്തിൽ തന്നെ പാർപ്പാനുള്ള താൽപര്യം സാധിച്ചു.

യോശുവ 17:13

എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.

യോശുവ 17:14

അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നത് എന്ത് എന്നു ചോദിച്ചു.

യോശുവ 17:15

യോശുവ അവരോട്: നിങ്ങൾ വലിയോരു ജനം എങ്കിൽ എഫ്രയീംപർവതം നിങ്ങൾക്ക് വിസ്താരം പോരാത്തതാകകൊണ്ട് കാട്ടുപ്രദേശത്തു ചെന്ന് പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്ത് കാടു വെട്ടി സ്ഥലം എടുത്തുകൊൾവിൻ എന്ന് ഉത്തരം പറഞ്ഞു.

യോശുവ 17:16

അതിന് യോസേഫിന്റെ മക്കൾ: മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രെയേൽതാഴ്വരയിലും ഇങ്ങനെ താഴ്വീതിപ്രദേശത്തു പാർക്കുന്ന കനാന്യർക്കൊക്കെയും ഇരുമ്പുരഥങ്ങൾ ഉണ്ട് എന്നു പറഞ്ഞു.

യോശുവ 17:17

യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: നിങ്ങൾ വലിയോരു ജനം തന്നെ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.

യോശുവ 17:18

മലനാട് നിനക്കുള്ളത് ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം; അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരുമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.