യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോട് അരുളിച്ചെയ്തത്: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട്.
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർ മുതൽ വടക്കോട്ട് കനാന്യർക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;
ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും;
തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശമൊക്കെയും
സീദോന്യർക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെർമ്മോൻപർവതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ ഒക്കെയും;
ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവതവാസികളൊക്കെയും എല്ലാ സീദോന്യരും തന്നെ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.
ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവർക്ക് യോർദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നെ പ്രാപിച്ചിരിക്കുന്നുവല്ലോ.
അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും;
അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും;
അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യമൊക്കെയും തന്നെ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.
ലേവിഗോത്രത്തിന് അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
എന്നാൽ മോശെ രൂബേൻഗോത്രത്തിനു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
അവരുടെ ദേശം അർന്നോൻതാഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതൽ മേദെബായോടു ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും
ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
യഹ്സയും കെദേമോത്തും മേഫാത്തും
കിര്യത്തയീമും സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
ബേത്ത്-പെയോരും പിസ്ഗാച്ചരിവുകളും ബേത്ത്-യെശീമോത്തും
സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യമൊക്കെയും തന്നെ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.
രൂബേന്യരുടെ അതിർ യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങൾ ഉൾപ്പെടെ രൂബേന്യർക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
പിന്നെ മോശെ ഗാദ്ഗോത്രത്തിന്, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നെ, അവകാശം കൊടുത്തു.
അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബായുടെ നേരേയുള്ള അരോവേർവരെ അമ്മോന്യരുടെ പാതി ദേശവും;
ഹെശ്ബോൻമുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;
താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത് -നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നെ; യോർദ്ദാനക്കരെ കിഴക്ക് കിന്നെരോത്ത്തടാകത്തിന്റെ അറുതിവരെ യോർദ്ദാൻ അതിന് അതിരായിരുന്നു.
ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്കു കിട്ടിയ അവകാശം.
പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിനുള്ള അവകാശം ഇത്:
അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാം കൂടി അറുപതു പട്ടണങ്ങളും
പാതി ഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്താരോത്ത്, എദ്രെയി എന്നിവയും തന്നെ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്ക്, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നെ, കുടുംബംകുടുംബമായി കിട്ടി.
ഇതു മോശെ യെരീഹോവിനു കിഴക്ക് യോർദ്ദാനക്കരെ മോവാബ്സമഭൂമിയിൽവച്ച് ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
ലേവിഗോത്രത്തിനോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താൻ തന്നെ അവരുടെ അവകാശം ആകുന്നു.