യോനാ മത്സ്യത്തിന്റെ വയറ്റിൽവച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ:
ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്ന് അയ്യംവിളിച്ചു; നീ എന്റെ നിലവിളി കേട്ടു.
നീ എന്നെ സമുദ്രമധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
നിന്റെ ദൃഷ്‍ടിയിൽനിന്ന് എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ല് എന്റെ തലപ്പാവായിരുന്നു.
ഞാൻ പർവതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്ക് അടച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്ത് എന്റെ പ്രാർഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
മിഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ട് അതു യോനായെ കരയ്ക്കു ഛർദിച്ചുകളഞ്ഞു.