യാക്കോബ് - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

യാക്കോബ് 3:1

സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്.

യാക്കോബ് 3:2

നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.

യാക്കോബ് 3:3

കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ട് അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.

യാക്കോബ് 3:4

കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.

യാക്കോബ് 3:5

അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;

യാക്കോബ് 3:6

നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു.

യാക്കോബ് 3:7

മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മെരുങ്ങുന്നു, മെരുങ്ങിയുമിരിക്കുന്നു.

യാക്കോബ് 3:8

നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കാവതല്ല; അത് അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.

യാക്കോബ് 3:9

അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.

യാക്കോബ് 3:10

ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.

യാക്കോബ് 3:11

ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കയ്പുമുള്ള വെള്ളം പുറപ്പെട്ടുവരുമോ?

യാക്കോബ് 3:12

സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായ്ക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.

യാക്കോബ് 3:13

നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.

യാക്കോബ് 3:14

എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കയ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.

യാക്കോബ് 3:15

ഇത് ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.

യാക്കോബ് 3:16

ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.

യാക്കോബ് 3:17

ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

യാക്കോബ് 3:18

എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ചു നീതി എന്ന ഫലം കൊയ്യും.