യാക്കോബ് - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

യാക്കോബ് 5:1

അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.

യാക്കോബ് 5:2

നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.

യാക്കോബ് 5:3

നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു; ആ കറ നിങ്ങളുടെ നേരേ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.

യാക്കോബ് 5:4

നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.

യാക്കോബ് 5:5

നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.

യാക്കോബ് 5:6

നിങ്ങൾ നീതിമാനെ കുറ്റം വിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.

യാക്കോബ് 5:7

എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.

യാക്കോബ് 5:8

നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.

യാക്കോബ് 5:9

സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരേ ഒരുവൻ ഞരങ്ങിപ്പോകരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.

യാക്കോബ് 5:10

സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.

യാക്കോബ് 5:11

സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.

യാക്കോബ് 5:12

വിശേഷാൽ സഹോദരന്മാരേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.

യാക്കോബ് 5:13

നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.

യാക്കോബ് 5:14

നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ.

യാക്കോബ് 5:15

എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.

യാക്കോബ് 5:16

എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു.

യാക്കോബ് 5:17

ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.

യാക്കോബ് 5:18

അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.

യാക്കോബ് 5:19

സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ

യാക്കോബ് 5:20

പാപിയെ നേർവഴിക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.