ഹഗ്ഗായി - 1 -ാം അധ്യായം

12

വാക്യങ്ങൾ 1 നിന്ന് 15 വരെ

ഹഗ്ഗായി 1:1

ദാര്യാവേശ്‍രാജാവിന്റെ രണ്ടാം ആണ്ട്, ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയ്ക്കും ഉണ്ടായതെന്തെന്നാൽ:

ഹഗ്ഗായി 1:2

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ.

ഹഗ്ഗായി 1:3

ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

ഹഗ്ഗായി 1:4

ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?

ഹഗ്ഗായി 1:5

ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

ഹഗ്ഗായി 1:6

നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളൂ; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല; വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.

ഹഗ്ഗായി 1:7

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

ഹഗ്ഗായി 1:8

നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്ന് ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്ത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.

ഹഗ്ഗായി 1:9

നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അത് അല്പമായിത്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായിക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

ഹഗ്ഗായി 1:10

അതുകൊണ്ടു നിങ്ങൾ നിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.

ഹഗ്ഗായി 1:11

ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.

ഹഗ്ഗായി 1:12

അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന് ഒത്തവണ്ണം ഹഗ്ഗായിപ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.

ഹഗ്ഗായി 1:13

അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോട്: ഞാൻ നിങ്ങളോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട് എന്നു പറഞ്ഞു.

ഹഗ്ഗായി 1:14

യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.

ഹഗ്ഗായി 1:15

ദാര്യാവേശ്‍രാജാവിന്റെ രണ്ടാം ആണ്ട് ആറാം മാസം ഇരുപത്തിനാലാം തീയതി തന്നെ.