ഹബക്കൂക് - 1 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 17 വരെ

ഹബക്കൂക് 1:1

ഹബക്കൂക്പ്രവാചകൻ ദർശിച്ച പ്രവാചകം.

ഹബക്കൂക് 1:2

യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?

ഹബക്കൂക് 1:3

നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതേ നോക്കുന്നതും എന്തിന്? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ട്; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.

ഹബക്കൂക് 1:4

അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.

ഹബക്കൂക് 1:5

ജാതികളുടെ ഇടയിൽ ദൃഷ്‍ടിവച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.

ഹബക്കൂക് 1:6

ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിനു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.

ഹബക്കൂക് 1:7

അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.

ഹബക്കൂക് 1:8

അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.

ഹബക്കൂക് 1:9

അവർ ഏവരും സംഹാരത്തിനായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.

ഹബക്കൂക് 1:10

അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയുംകുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ച് അതിനെ പിടിക്കും.

ഹബക്കൂക് 1:11

അന്ന് അവൻ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായിത്തീരും; സ്വന്തശക്തിയല്ലോ അവനു ദൈവം.

ഹബക്കൂക് 1:12

എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷയ്ക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.

ഹബക്കൂക് 1:13

ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്‍ടിയുള്ളവനും പീഡനം കാൺമാൻ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവർത്തിക്കുന്നവരെ നീ വെറുതേ നോക്കുന്നതും ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ നീ മിണ്ടാതിരിക്കുന്നതും

ഹബക്കൂക് 1:14

മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്ത്?

ഹബക്കൂക് 1:15

അവൻ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവൻ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേർത്തുകൊള്ളുന്നു; അതുകൊണ്ട് അവൻ സന്തോഷിച്ചാനന്ദിക്കുന്നു.

ഹബക്കൂക് 1:16

അതു ഹേതുവായി അവൻ തന്റെ വലയ്ക്കു ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഓഹരി പുഷ്‍ടിയുള്ളതും അവന്റെ ആഹാരം പൂർത്തിയുള്ളതുമായിത്തീരുന്നത്.

ഹബക്കൂക് 1:17

അതുനിമിത്തം അവൻ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?