ഉൽപത്തി - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

ഉൽപത്തി 7:1

അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.

ഉൽപത്തി 7:2

ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും,

ഉൽപത്തി 7:3

ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേർത്തുകൊള്ളേണം.

ഉൽപത്തി 7:4

ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽ നിന്നു നശിപ്പിക്കും.

ഉൽപത്തി 7:5

യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.

ഉൽപത്തി 7:6

ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.

ഉൽപത്തി 7:7

നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.

ഉൽപത്തി 7:8

ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,

ഉൽപത്തി 7:9

ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ട് ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.

ഉൽപത്തി 7:10

ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.

ഉൽപത്തി 7:11

നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകളൊക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.

ഉൽപത്തി 7:12

നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.

ഉൽപത്തി 7:13

അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.

ഉൽപത്തി 7:14

അവരും അതതുതരം കാട്ടുമൃഗങ്ങളും അതതുതരം കന്നുകാലികളും നിലത്ത് ഇഴയുന്ന അതതുതരം ഇഴജാതിയും അതതുതരം പറവകളും അതതുതരം പക്ഷികളുംതന്നെ.

ഉൽപത്തി 7:15

ജീവശ്വാസമുള്ള സർവജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.

ഉൽപത്തി 7:16

ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു.

ഉൽപത്തി 7:17

ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു.

ഉൽപത്തി 7:18

വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.

ഉൽപത്തി 7:19

വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻകീഴെങ്ങുമുള്ള ഉയർന്ന പർവതങ്ങളൊക്കെയും മൂടിപ്പോയി.

ഉൽപത്തി 7:20

പർവതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മീതെ പൊങ്ങി.

ഉൽപത്തി 7:21

പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി.

ഉൽപത്തി 7:22

കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.

ഉൽപത്തി 7:23

ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകല ജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.

ഉൽപത്തി 7:24

വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.