ഉൽപത്തി - 41 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 57 വരെ

ഉൽപത്തി 41:1

രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: അവൻ നദീതീരത്തു നിന്നു.

ഉൽപത്തി 41:2

അപ്പോൾ രൂപഗുണവും മാംസപുഷ്‍ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.

ഉൽപത്തി 41:3

അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.

ഉൽപത്തി 41:4

മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്‍ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.

ഉൽപത്തി 41:5

അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്‍ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങിവന്നു.

ഉൽപത്തി 41:6

അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞും ഇരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.

ഉൽപത്തി 41:7

നേർത്ത ഏഴു കതിരുകൾ പുഷ്‍ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്ന് അറിഞ്ഞു.

ഉൽപത്തി 41:8

പ്രാതഃകാലത്ത് അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.

ഉൽപത്തി 41:9

അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞത്: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.

ഉൽപത്തി 41:10

ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.

ഉൽപത്തി 41:11

അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വെവ്വേറെ അർഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടത്.

ഉൽപത്തി 41:12

അവിടെ അകമ്പടിനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു താന്താന്റെ സ്വപ്നത്തിന്റെ അർഥം പറഞ്ഞുതന്നു.

ഉൽപത്തി 41:13

അവൻ അർഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.

ഉൽപത്തി 41:14

ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.

ഉൽപത്തി 41:15

ഫറവോൻ യോസേഫിനോട്: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യാനിപ്പാൻ ആരുമില്ല; എന്നാൽ നീയൊരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.

ഉൽപത്തി 41:16

അതിനു യോസേഫ് ഫറവോനോട്: ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും എന്നു പറഞ്ഞു.

ഉൽപത്തി 41:17

പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.

ഉൽപത്തി 41:18

അപ്പോൾ മാംസപുഷ്‍ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.

ഉൽപത്തി 41:19

അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറിവന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല.

ഉൽപത്തി 41:20

എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്‍ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;

ഉൽപത്തി 41:21

ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെതന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.

ഉൽപത്തി 41:22

പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു.

ഉൽപത്തി 41:23

അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.

ഉൽപത്തി 41:24

നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.

ഉൽപത്തി 41:25

അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.

ഉൽപത്തി 41:26

ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നുതന്നെ.

ഉൽപത്തി 41:27

അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരമാകുന്നു.

ഉൽപത്തി 41:28

ദൈവം ചെയ്‍വാൻ ഭാവിക്കുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞത്.

ഉൽപത്തി 41:29

മിസ്രയീംദേശത്തൊക്കെയും ബഹുസുഭിക്ഷമായ ഏഴു സംവത്സരം വരും.

ഉൽപത്തി 41:30

അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്ത് ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശമൊക്കെയും ക്ഷയിച്ചുപോകും.

ഉൽപത്തി 41:31

പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.

ഉൽപത്തി 41:32

ഫറവോനു സ്വപ്നം രണ്ടു വട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.

ഉൽപത്തി 41:33

ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ച് മിസ്രയീംദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം.

ഉൽപത്തി 41:34

അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.

ഉൽപത്തി 41:35

ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചു വയ്ക്കേണം.

ഉൽപത്തി 41:36

ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴു സംവത്സരത്തേക്കു ദേശത്തിനു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.

ഉൽപത്തി 41:37

ഈ വാക്ക് ഫറവോനും അവന്റെ സകല ഭൃത്യന്മാർക്കും ബോധിച്ചു.

ഉൽപത്തി 41:38

ഫറവോൻ തന്റെ ഭൃത്യന്മാരോട്: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.

ഉൽപത്തി 41:39

പിന്നെ ഫറവോൻ യോസേഫിനോട്: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.

ഉൽപത്തി 41:40

നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.

ഉൽപത്തി 41:41

ഇതാ, മിസ്രയീംദേശത്തിനൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.

ഉൽപത്തി 41:42

ഫറവോൻ തന്റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്ക് ഇട്ടു, അവനെ നേർമയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണസരപ്പളിയും അവന്റെ കഴുത്തിലിട്ടു.

ഉൽപത്തി 41:43

തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിനൊക്കെയും മേലധികാരി ആക്കി.

ഉൽപത്തി 41:44

പിന്നെ ഫറവോൻ യോസേഫിനോട്: ഞാൻ ഫറവോനാകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.

ഉൽപത്തി 41:45

ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.

ഉൽപത്തി 41:46

യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് മിസ്രയീംദേശത്തൊക്കെയും സഞ്ചരിച്ചു.

ഉൽപത്തി 41:47

എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.

ഉൽപത്തി 41:48

മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യമൊക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.

ഉൽപത്തി 41:49

അങ്ങനെ യോസേഫ് കടല്ക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.

ഉൽപത്തി 41:50

ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.

ഉൽപത്തി 41:51

എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനമൊക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.

ഉൽപത്തി 41:52

സങ്കടദേശത്തു ദൈവം എന്നെ വർധിപ്പിച്ചു എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.

ഉൽപത്തി 41:53

മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ

ഉൽപത്തി 41:54

യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകല ദേശങ്ങളിലും ക്ഷാമം ഉണ്ടായി; എന്നാൽ മിസ്രയീംദേശത്ത് എല്ലായിടവും ആഹാരം ഉണ്ടായിരുന്നു.

ഉൽപത്തി 41:55

പിന്നെ മിസ്രയീംദേശത്ത് എല്ലായിടവും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടൊക്കെയും: നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.

ഉൽപത്തി 41:56

ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകളൊക്കെയും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായിത്തീർന്നു.

ഉൽപത്തി 41:57

ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീർന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.