ഉൽപത്തി - 39 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

ഉൽപത്തി 39:1

എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലയ്ക്കു വാങ്ങി.

ഉൽപത്തി 39:2

യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ കൃതാർഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു.

ഉൽപത്തി 39:3

യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.

ഉൽപത്തി 39:4

അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷ ചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു.

ഉൽപത്തി 39:5

അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.

ഉൽപത്തി 39:6

അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശമുള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.

ഉൽപത്തി 39:7

യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിൻമേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

ഉൽപത്തി 39:8

അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.

ഉൽപത്തി 39:9

ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു.

ഉൽപത്തി 39:10

അവൾ ദിനംപ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.

ഉൽപത്തി 39:11

ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‍വാൻ വീട്ടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.

ഉൽപത്തി 39:12

അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു; എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിക്കളഞ്ഞു.

ഉൽപത്തി 39:13

അവൻ വസ്ത്രം തന്റെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,

ഉൽപത്തി 39:14

അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന് അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.

ഉൽപത്തി 39:15

ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ച് ഓടിപ്പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.

ഉൽപത്തി 39:16

യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വച്ചുകൊണ്ടിരുന്നു.

ഉൽപത്തി 39:17

അവനോട് അവൾ അവ്വണ്ണംതന്നെ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു.

ഉൽപത്തി 39:18

ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു പറഞ്ഞു.

ഉൽപത്തി 39:19

നിന്റെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു.

ഉൽപത്തി 39:20

യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.

ഉൽപത്തി 39:21

എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്കി.

ഉൽപത്തി 39:22

കാരാഗൃഹത്തിലെ സകല ബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കൈയിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.

ഉൽപത്തി 39:23

യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.