ഉൽപത്തി - 37 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

ഉൽപത്തി 37:1

യാക്കോബ് തന്റെ പിതാവ് പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.

ഉൽപത്തി 37:2

യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

ഉൽപത്തി 37:3

യോസേഫ് വാർധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാ മക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.

ഉൽപത്തി 37:4

അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ പകച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.

ഉൽപത്തി 37:5

യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു.

ഉൽപത്തി 37:6

അവൻ അവരോടു പറഞ്ഞത്: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.

ഉൽപത്തി 37:7

നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവർന്നു നിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.

ഉൽപത്തി 37:8

അവന്റെ സഹോദരന്മാർ അവനോട്: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

ഉൽപത്തി 37:9

അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോട് അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

ഉൽപത്തി 37:10

അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.

ഉൽപത്തി 37:11

അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സംഗ്രഹിച്ചു.

ഉൽപത്തി 37:12

അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിപ്പാൻ ശെഖേമിൽ പോയിരുന്നു.

ഉൽപത്തി 37:13

യിസ്രായേൽ യോസേഫിനോട്: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവൻ അവനോട്: ഞാൻ പോകാം എന്നു പറഞ്ഞു.

ഉൽപത്തി 37:14

അവൻ അവനോട്: നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞ് ഹെബ്രോൻ താഴ്വരയിൽനിന്ന് അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.

ഉൽപത്തി 37:15

അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നത് ഒരുത്തൻ കണ്ടു: നീ എന്ത് അന്വേഷിക്കുന്നു എന്ന് അവനോടു ചോദിച്ചു.

ഉൽപത്തി 37:16

അതിന് അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ എന്നു പറഞ്ഞു.

ഉൽപത്തി 37:17

അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്ക് പോക എന്ന് അവർ പറയുന്നതു ഞാൻ കേട്ടു എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.

ഉൽപത്തി 37:18

അവർ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു:

ഉൽപത്തി 37:19

അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക;

ഉൽപത്തി 37:20

ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

ഉൽപത്തി 37:21

രൂബേൻ അതു കേട്ടിട്ട്: നാം അവനു ജീവഹാനി വരുത്തരുത് എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു.

ഉൽപത്തി 37:22

അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: രക്തം ചൊരിയിക്കരുത്; നിങ്ങൾ അവന്റെമേൽ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.

ഉൽപത്തി 37:23

യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.

ഉൽപത്തി 37:24

അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.

ഉൽപത്തി 37:25

അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തല പൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

ഉൽപത്തി 37:26

അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോട്: നാം നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം?

ഉൽപത്തി 37:27

വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വയ്ക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സഹോദരന്മാർ അതിനു സമ്മതിച്ചു.

ഉൽപത്തി 37:28

മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

ഉൽപത്തി 37:29

രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

ഉൽപത്തി 37:30

സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടൂ എന്നു പറഞ്ഞു.

ഉൽപത്തി 37:31

പിന്നെ അവർ ഒരു കോലാട്ടു കൊറ്റനെ കൊന്ന്, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.

ഉൽപത്തി 37:32

അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം എന്നു പറഞ്ഞു.

ഉൽപത്തി 37:33

അവൻ അതു തിരിച്ചറിഞ്ഞു: ഇത് എന്റെ മകന്റെ അങ്കി തന്നെ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

ഉൽപത്തി 37:34

യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.

ഉൽപത്തി 37:35

അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

ഉൽപത്തി 37:36

എന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫറിനു വിറ്റു.