ഉൽപത്തി - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

ഉൽപത്തി 21:1

അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു.

ഉൽപത്തി 21:2

അബ്രാഹാമിന്റെ വാർധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന അവധിക്ക് സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.

ഉൽപത്തി 21:3

സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവൻ യിസ്ഹാക് എന്നു പേരിട്ടു.

ഉൽപത്തി 21:4

ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന് എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

ഉൽപത്തി 21:5

തന്റെ മകനായ യിസ്ഹാക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.

ഉൽപത്തി 21:6

ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.

ഉൽപത്തി 21:7

സാറാ മക്കൾക്കു മുല കൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു. അവന്റെ വാർധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചത് എന്നും അവൾ പറഞ്ഞു.

ഉൽപത്തി 21:8

പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.

ഉൽപത്തി 21:9

മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:

ഉൽപത്തി 21:10

ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു.

ഉൽപത്തി 21:11

തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് അനിഷ്ടമായി.

ഉൽപത്തി 21:12

എന്നാൽ ദൈവം അബ്രാഹാമിനോട്: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്.

ഉൽപത്തി 21:13

ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു.

ഉൽപത്തി 21:14

അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു.

ഉൽപത്തി 21:15

തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.

ഉൽപത്തി 21:16

അവൾ പോയി അതിനെതിരേ ഒരു അമ്പിൻപാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.

ഉൽപത്തി 21:17

ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.

ഉൽപത്തി 21:18

നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി 21:19

ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.

ഉൽപത്തി 21:20

ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു.

ഉൽപത്തി 21:21

അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.

ഉൽപത്തി 21:22

അക്കാലത്ത് അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;

ഉൽപത്തി 21:23

ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയ കാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെ വച്ച് എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.

ഉൽപത്തി 21:24

സത്യം ചെയ്യാം എന്ന് അബ്രാഹാം പറഞ്ഞു.

ഉൽപത്തി 21:25

എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭർത്സിച്ചു പറഞ്ഞു.

ഉൽപത്തി 21:26

അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.

ഉൽപത്തി 21:27

പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.

ഉൽപത്തി 21:28

അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി.

ഉൽപത്തി 21:29

അപ്പോൾ അബീമേലെക് അബ്രാഹാമിനോട്: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന് എന്നു ചോദിച്ചു.

ഉൽപത്തി 21:30

ഞാൻ ഈ കിണർ കുഴിച്ചു എന്നതിനു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്ന് അവൻ പറഞ്ഞു.

ഉൽപത്തി 21:31

അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്കകൊണ്ട് അവൻ ആ സ്ഥലത്തിനു ബേർ-ശേബ എന്നു പേരിട്ടു.

ഉൽപത്തി 21:32

ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.

ഉൽപത്തി 21:33

അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.

ഉൽപത്തി 21:34

അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.