പുറപ്പാട് - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

പുറപ്പാട് 9:1

യഹോവ പിന്നെയും മോശെയോടു കല്പിച്ചത്, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.

പുറപ്പാട് 9:2

വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,

പുറപ്പാട് 9:3

യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധി ഉണ്ടാകും.

പുറപ്പാട് 9:4

യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.

പുറപ്പാട് 9:5

നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.

പുറപ്പാട് 9:6

അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.

പുറപ്പാട് 9:7

ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ ജനത്തെ വിട്ടയച്ചതുമില്ല.

പുറപ്പാട് 9:8

പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈ നിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.

പുറപ്പാട് 9:9

അതു മിസ്രയീംദേശത്ത് എല്ലായിടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.

പുറപ്പാട് 9:10

അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.

പുറപ്പാട് 9:11

പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ മിസ്രയീമ്യർക്കും ഉണ്ടായിരുന്നു.

പുറപ്പാട് 9:12

എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 9:13

അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: നീ നന്നാ രാവിലെ എഴുന്നേറ്റ്, ഫറവോന്റെ മുമ്പാകെ നിന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.

പുറപ്പാട് 9:14

സർവഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.

പുറപ്പാട് 9:15

ഇപ്പോൾത്തന്നെ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുമായിരുന്നു.

പുറപ്പാട് 9:16

എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.

പുറപ്പാട് 9:17

എന്റെ ജനത്തെ അയയ്ക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞു നിർത്തുന്നു.

പുറപ്പാട് 9:18

മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കന്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.

പുറപ്പാട് 9:19

അതുകൊണ്ട് ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകല മനുഷ്യന്റെയും മൃഗത്തിന്റെയുംമേൽ കന്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.

പുറപ്പാട് 9:20

ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.

പുറപ്പാട് 9:21

എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽതന്നെ വിട്ടേച്ചു.

പുറപ്പാട് 9:22

പിന്നെ യഹോവ മോശെയോട്: മിസ്രയീംദേശത്ത് എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയുംമേലും മിസ്രയീംദേശത്തുള്ള സകല സസ്യത്തിന്മേലും കന്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.

പുറപ്പാട് 9:23

മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കന്മഴ പെയ്യിച്ചു.

പുറപ്പാട് 9:24

ഇങ്ങനെ കന്മഴയും കന്മഴയോടുകൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.

പുറപ്പാട് 9:25

മിസ്രയീംദേശത്ത് എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കന്മഴ സംഹരിച്ചു; കന്മഴ വയലിൽ ഉള്ള സകല സസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെയൊക്കെയും തകർത്തുകളഞ്ഞു.

പുറപ്പാട് 9:26

യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കന്മഴ ഉണ്ടായില്ല.

പുറപ്പാട് 9:27

അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.

പുറപ്പാട് 9:28

യഹോവയോടു പ്രാർഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കന്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.

പുറപ്പാട് 9:29

മോശെ അവനോട്: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കന്മഴയും പിന്നെ ഉണ്ടാകയില്ല.

പുറപ്പാട് 9:30

എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

പുറപ്പാട് 9:31

അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.

പുറപ്പാട് 9:32

എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ട് നശിച്ചില്ല.

പുറപ്പാട് 9:33

മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കന്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.

പുറപ്പാട് 9:34

എന്നാൽ മഴയും കന്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.

പുറപ്പാട് 9:35

യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.