പുറപ്പാട് - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

പുറപ്പാട് 8:1

യഹോവ നദിയെ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചത്: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.

പുറപ്പാട് 8:2

നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെയൊക്കെയും തവളയെക്കൊണ്ടു ബാധിക്കും.

പുറപ്പാട് 8:3

നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.

പുറപ്പാട് 8:4

തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകല ഭൃത്യന്മാരുടെമേലും കയറും.

പുറപ്പാട് 8:5

യഹോവ പിന്നെയും മോശെയോട്: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിന്മേലും പുഴകളിന്മേലും കുളങ്ങളിന്മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.

പുറപ്പാട് 8:6

അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിന്മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.

പുറപ്പാട് 8:7

മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.

പുറപ്പാട് 8:8

എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിനു യഹോവയോടു പ്രാർഥിപ്പിൻ. എന്നാൽ യഹോവയ്ക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം എന്നു പറഞ്ഞു.

പുറപ്പാട് 8:9

മോശെ ഫറവോനോട്: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിനു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർഥിക്കേണം എന്ന് എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.

പുറപ്പാട് 8:10

നാളെ എന്ന് അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിനു നിന്റെ വാക്കുപോലെ ആകട്ടെ;

പുറപ്പാട് 8:11

തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും എന്ന് അവൻ പറഞ്ഞു.

പുറപ്പാട് 8:12

അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി ഫറവോന്റെമേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാർഥിച്ചു.

പുറപ്പാട് 8:13

മോശെയുടെ പ്രാർഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.

പുറപ്പാട് 8:14

അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.

പുറപ്പാട് 8:15

എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 8:16

അപ്പോൾ യഹോവ മോശെയോട്: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്ന് അഹരോനോടു പറക. അതു മിസ്രയീംദേശത്ത് എല്ലാടവും പേൻ ആയിത്തീരും എന്നു കല്പിച്ചു.

പുറപ്പാട് 8:17

അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പേൻ ആയിത്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.

പുറപ്പാട് 8:18

മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ലതാനും. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോട്:

പുറപ്പാട് 8:19

ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 8:20

പിന്നെ യഹോവ മോശെയോടു കല്പിച്ചത്: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്ക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക.

പുറപ്പാട് 8:21

നീ എന്റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.

പുറപ്പാട് 8:22

ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും.

പുറപ്പാട് 8:23

എന്റെ ജനത്തിനും നിന്റെ ജനത്തിനും മധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും.

പുറപ്പാട് 8:24

യഹോവ അങ്ങനെതന്നെ ചെയ്തു; അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്ത് എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു.

പുറപ്പാട് 8:25

അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ എന്നു പറഞ്ഞു.

പുറപ്പാട് 8:26

അതിനു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ?

പുറപ്പാട് 8:27

ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം എന്നു പറഞ്ഞു.

പുറപ്പാട് 8:28

അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്; എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്നു പറഞ്ഞു.

പുറപ്പാട് 8:29

അതിനു മോശെ: ഞാൻ നിന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവയ്ക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയയ്ക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുത് എന്നു പറഞ്ഞു.

പുറപ്പാട് 8:30

അങ്ങനെ മോശെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിച്ചു.

പുറപ്പാട് 8:31

യഹോവ മോശെയുടെ പ്രാർഥനപ്രകാരം ചെയ്തു; നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി.

പുറപ്പാട് 8:32

എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.