പുറപ്പാട് - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

പുറപ്പാട് 4:1

അതിനു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.

പുറപ്പാട് 4:2

യഹോവ അവനോട്: നിന്റെ കൈയിൽ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. ഒരു വടി എന്ന് അവൻ പറഞ്ഞു.

പുറപ്പാട് 4:3

അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി.

പുറപ്പാട് 4:4

യഹോവ മോശെയോട്: നിന്റെ കൈ നീട്ടി അതിനെ വാലിനു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കൈയിൽ വടിയായിത്തീർന്നു.

പുറപ്പാട് 4:5

ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു.

പുറപ്പാട് 4:6

യഹോവ പിന്നെയും അവനോട്: നിന്റെ കൈ മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു.

പുറപ്പാട് 4:7

നിന്റെ കൈ വീണ്ടും മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവിടത്തിൽ ഇട്ടു, മാർവിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.

പുറപ്പാട് 4:8

എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.

പുറപ്പാട് 4:9

ഈ രണ്ട് അടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽനിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായിത്തീരും.

പുറപ്പാട് 4:10

മോശെ യഹോവയോട്: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.

പുറപ്പാട് 4:11

അതിന് യഹോവ അവനോട്: മനുഷ്യനു വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ?

പുറപ്പാട് 4:12

ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 4:13

എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു.

പുറപ്പാട് 4:14

അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരേ ജ്വലിച്ചു, അവൻ അരുളിച്ചെയ്തത്: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവനു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു. നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.

പുറപ്പാട് 4:15

നീ അവനോടു സംസാരിച്ച് അവനു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും. നിങ്ങൾ ചെയ്യേണ്ടുന്നത് ഉപദേശിച്ചു തരും.

പുറപ്പാട് 4:16

നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവനു ദൈവവും ആയിരിക്കും.

പുറപ്പാട് 4:17

അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊൾക.

പുറപ്പാട് 4:18

പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: ഞാൻ പുറപ്പെട്ട്, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു.

പുറപ്പാട് 4:19

യഹോവ മിദ്യാനിൽവച്ചു മോശെയോട്: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 4:20

അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയീംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കൈയിൽ എടുത്തു.

പുറപ്പാട് 4:21

യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അദ്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.

പുറപ്പാട് 4:22

നീ ഫറവോനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ.

പുറപ്പാട് 4:23

എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെതന്നെ കൊന്നുകളയും എന്നു പറക.

പുറപ്പാട് 4:24

എന്നാൽ വഴിയിൽ സത്രത്തിൽവച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.

പുറപ്പാട് 4:25

അപ്പോൾ സിപ്പോറാ ഒരു കല്ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമം ഛേദിച്ച് അവന്റെ കാല്ക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.

പുറപ്പാട് 4:26

ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞത്.

പുറപ്പാട് 4:27

എന്നാൽ യഹോവ അഹരോനോട്: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവതത്തിങ്കൽവച്ച് അവനെ എതിരേറ്റു ചുംബിച്ചു.

പുറപ്പാട് 4:28

യഹോവ തന്നെ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.

പുറപ്പാട് 4:29

പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെയൊക്കെയും കൂട്ടിവരുത്തി.

പുറപ്പാട് 4:30

യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.

പുറപ്പാട് 4:31

അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ട്, അവർ കുമ്പിട്ടു നമസ്കരിച്ചു.