പുറപ്പാട് - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

പുറപ്പാട് 21:1

അവരുടെ മുമ്പാകെ നീ വയ്ക്കേണ്ടുന്ന ന്യായങ്ങളാവിത്:

പുറപ്പാട് 21:2

ഒരു എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ട് ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.

പുറപ്പാട് 21:3

ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവനു ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.

പുറപ്പാട് 21:4

അവന്റെ യജമാനൻ അവനു ഭാര്യയെ കൊടുക്കയും അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ഇരിക്കേണം; അവൻ ഏകനായി പോകേണം.

പുറപ്പാട് 21:5

എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തുപറഞ്ഞാൽ

പുറപ്പാട് 21:6

യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തിയിട്ട് സൂചികൊണ്ട് അവന്റെ കാത് കുത്തിത്തുളക്കേണം; പിന്നെ അവൻ എന്നേക്കും അവനു ദാസനായിരിക്കേണം.

പുറപ്പാട് 21:7

ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതുപോലെ പോകരുത്.

പുറപ്പാട് 21:8

അവളെ തനിക്കു സംബന്ധത്തിനു നിയമിച്ച യജമാനന് അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കു വിറ്റുകളവാൻ അവന് അധികാരം ഇല്ല.

പുറപ്പാട് 21:9

അവൻ അവളെ തന്റെ പുത്രനു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിനു തക്കവണ്ണം അവളോടു പെരുമാറേണം.

പുറപ്പാട് 21:10

അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.

പുറപ്പാട് 21:11

ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

പുറപ്പാട് 21:12

ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 21:13

അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കൈയാൽ സംഭവിപ്പാൻ ദൈവം സംഗതി വരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും.

പുറപ്പാട് 21:14

എന്നാൽ ഒരുത്തൻ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിനു നീ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്നും പിടിച്ചുകൊണ്ടുപോകേണം.

പുറപ്പാട് 21:15

തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 21:16

ഒരുത്തൻ ഒരാളെ മോഷ്‍ടിച്ചിട്ട് അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 21:17

തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 21:18

മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ട് ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും

പുറപ്പാട് 21:19

പിന്നെയും എഴുന്നേറ്റു വടിയൂന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും അവൻ അവന്റെ മിനക്കേടിനുവേണ്ടി കൊടുത്ത് അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.

പുറപ്പാട് 21:20

ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.

പുറപ്പാട് 21:21

എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുത്; അവൻ അവന്റെ മുതലല്ലോ.

പുറപ്പാട് 21:22

മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുംപോലെ അവൻ കൊടുക്കേണം.

പുറപ്പാട് 21:23

മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം.

പുറപ്പാട് 21:24

കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ;

പുറപ്പാട് 21:25

പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണർപ്പിനു പകരം തിണർപ്പ്.

പുറപ്പാട് 21:26

ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

പുറപ്പാട് 21:27

അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുതകർത്താൽ അവൻ പല്ലിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

പുറപ്പാട് 21:28

ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.

പുറപ്പാട് 21:29

എന്നാൽ ആ കാള മുമ്പേതന്നെ കുത്തുന്നതായും ഉടമസ്ഥൻ അത് അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.

പുറപ്പാട് 21:30

ഉദ്ധാരണദ്രവ്യം അവന്റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെമേൽ ചുമത്തിയതൊക്കെയും അവൻ കൊടുക്കേണം.

പുറപ്പാട് 21:31

അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.

പുറപ്പാട് 21:32

കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥനു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.

പുറപ്പാട് 21:33

ഒരുത്തൻ ഒരു കുഴി തുറന്നു വയ്ക്കുകയോ കുഴി കുഴിച്ച് അതിനെ മൂടാതിരിക്കയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,

പുറപ്പാട് 21:34

കുഴിയുടെ ഉടമസ്ഥൻ വില കൊടുത്ത് അതിന്റെ യജമാനനു തൃപ്തി വരുത്തേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.

പുറപ്പാട് 21:35

ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തിയിട്ട് അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റ് അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.

പുറപ്പാട് 21:36

അല്ലെങ്കിൽ ആ കാള മുമ്പേതന്നെ കുത്തുന്നത് എന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.