ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
അടിമവീടായമിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.
ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.
അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും
എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
ആറു ദിവസം അധ്വാനിച്ച് നിന്റെ വേലയൊക്കെയും ചെയ്ക.
ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.
ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
കൊല ചെയ്യരുത്.
വ്യഭിചാരം ചെയ്യരുത്.
മോഷ്‍ടിക്കരുത്.
കൂട്ടുകാരന്റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്.
കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.
ജനമൊക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറച്ചുകൊണ്ടു ദൂരത്തുനിന്നു.
അവർ മോശെയോട്: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.
മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് എന്നു പറഞ്ഞു.
അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന് അടുത്തുചെന്നു.
അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയേണം: ഞാൻ സ്വർഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ.
എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
എനിക്കു മണ്ണുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും.
കല്ലുകൊണ്ട് എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അതു പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.
എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുത്.