പുറപ്പാട് - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

പുറപ്പാട് 2:1

എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.

പുറപ്പാട് 2:2

അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിച്ചുവച്ചു.

പുറപ്പാട് 2:3

അവനെ പിന്നെ ഒളിച്ചുവയ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിനു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു.

പുറപ്പാട് 2:4

അവന് എന്തു ഭവിക്കുമെന്ന് അറിവാൻ അവന്റെ പെങ്ങൾ ദൂരത്തുനിന്നു.

പുറപ്പാട് 2:5

അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടു വരുവാൻ ദാസിയെ അയച്ചു.

പുറപ്പാട് 2:6

അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോട് അലിവു തോന്നി: ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്ന് എന്നു പറഞ്ഞു.

പുറപ്പാട് 2:7

അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: ഈ പൈതലിനു മുലകൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.

പുറപ്പാട് 2:8

ഫറവോന്റെ പുത്രി അവളോട്: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു.

പുറപ്പാട് 2:9

ഫറവോന്റെ പുത്രി അവളോട്: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി.

പുറപ്പാട് 2:10

പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു.

പുറപ്പാട് 2:11

ആ കാലത്ത് മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.

പുറപ്പാട് 2:12

അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവു ചെയ്തു.

പുറപ്പാട് 2:13

പിറ്റേദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോട്: നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് എന്നു ചോദിച്ചു.

പുറപ്പാട് 2:14

അതിന് അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.

പുറപ്പാട് 2:15

ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു.

പുറപ്പാട് 2:16

മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു.

പുറപ്പാട് 2:17

എന്നാൽ ഇടയന്മാർ വന്ന് അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു.

പുറപ്പാട് 2:18

അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ എന്ന് അവൻ ചോദിച്ചു.

പുറപ്പാട് 2:19

ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്ക് വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു എന്ന് അവർ പറഞ്ഞു.

പുറപ്പാട് 2:20

അവൻ തന്റെ പുത്രിമാരോട്: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നത് എന്ത്? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.

പുറപ്പാട് 2:21

മോശെക്ക് അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറായെ കൊടുത്തു.

പുറപ്പാട് 2:22

അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്ന് അവൻ പറഞ്ഞ് അവനു ഗേർശോം എന്നു പേരിട്ടു.

പുറപ്പാട് 2:23

ഏറെനാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവ് മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.

പുറപ്പാട് 2:24

ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.

പുറപ്പാട് 2:25

ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.