പുറപ്പാട് - 18 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

പുറപ്പാട് 18:1

ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്തതൊക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായ മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.

പുറപ്പാട് 18:2

അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറായെയും

പുറപ്പാട് 18:3

അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു. ഞാൻ അന്യദേശത്തു പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരുത്തനു ഗേർഷോം എന്നു പേർ.

പുറപ്പാട് 18:4

എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ടു മറ്റവനു എലീയേസെർ എന്നു പേർ.

പുറപ്പാട് 18:5

എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.

പുറപ്പാട് 18:6

നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോടു പറയിച്ചു.

പുറപ്പാട് 18:7

മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.

പുറപ്പാട് 18:8

മോശെ തന്റെ അമ്മായപ്പനോട് യഹോവ യിസ്രായേലിനുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതൊക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസമൊക്കെയും യഹോവ തങ്ങളെ രക്ഷിച്ച പ്രകാരവും വിവരിച്ചുപറഞ്ഞു.

പുറപ്പാട് 18:9

യഹോവ മിസ്രയീമ്യരുടെ കൈയിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മ നിമിത്തവും യിത്രോ സന്തോഷിച്ചു.

പുറപ്പാട് 18:10

യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കൈയിൽനിന്നും ഫറവോന്റെ കൈയിൽനിന്നും രക്ഷിച്ച് മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.

പുറപ്പാട് 18:11

യഹോവ സകല ദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോട് അവർ അഹങ്കരിച്ച കാര്യത്തിൽ തന്നെ.

പുറപ്പാട് 18:12

മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.

പുറപ്പാട് 18:13

പിറ്റന്നാൾ മോശെ ജനത്തിനു ന്യായംവിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.

പുറപ്പാട് 18:14

അവൻ ജനത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്ത്? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനമൊക്കെയും രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്ക്കയും ചെയ്യുന്നത് എന്ത് എന്ന് അവൻ ചോദിച്ചു.

പുറപ്പാട് 18:15

മോശെ തന്റെ അമ്മായപ്പനോട്: ദൈവത്തോട് ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.

പുറപ്പാട് 18:16

അവർക്ക് ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.

പുറപ്പാട് 18:17

അതിനു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞത്: നീ ചെയ്യുന്ന കാര്യം നന്നല്ല;

പുറപ്പാട് 18:18

നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.

പുറപ്പാട് 18:19

ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരു ആലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.

പുറപ്പാട് 18:20

അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.

പുറപ്പാട് 18:21

അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകല ജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം പേർക്ക് അധിപതിമാരായും നൂറു പേർക്ക് അധിപതിമാരായും അമ്പതു പേർക്ക് അധിപതിമാരായും പത്തു പേർക്ക് അധിപതിമാരായും നിയമിക്ക.

പുറപ്പാട് 18:22

അവർ എല്ലാ സമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യമൊക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യമൊക്കെയും അവർ തന്നെ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.

പുറപ്പാട് 18:23

നീ ഈ കാര്യം ചെയ്കയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്കു നിന്നു പൊറുക്കാം. ഈ ജനത്തിനൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകുകയും ചെയ്യാം.

പുറപ്പാട് 18:24

മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ട്, അവൻ പറഞ്ഞതുപോലെയൊക്കെയും ചെയ്തു.

പുറപ്പാട് 18:25

മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരം പേർക്ക് അധിപതിമാരായും നൂറു പേർക്ക് അധിപതിമാരായും അമ്പതു പേർക്ക് അധിപതിമാരായും പത്തു പേർക്ക് അധിപതിമാരായും ജനത്തിനു തലവന്മാരാക്കി.

പുറപ്പാട് 18:26

അവർ എല്ലാ സമയത്തും ജനത്തിനു ന്യായം വിധിച്ചുവന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യമൊക്കെയും അവർ തന്നെ തീർക്കും.

പുറപ്പാട് 18:27

അതിന്റെശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.