പുറപ്പാട് - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

പുറപ്പാട് 15:1

മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീർത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാൻ യഹോവയ്ക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

പുറപ്പാട് 15:2

എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.

പുറപ്പാട് 15:3

യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം.

പുറപ്പാട് 15:4

ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.

പുറപ്പാട് 15:5

ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.

പുറപ്പാട് 15:6

യഹോവേ, നിന്റെ വലംകൈ ബലത്തിൽ മഹത്ത്വപ്പെട്ടു; യഹോവേ, നിന്റെ വലംകൈ ശത്രുവിനെ തകർത്തുകളഞ്ഞു.

പുറപ്പാട് 15:7

നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

പുറപ്പാട് 15:8

നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.

പുറപ്പാട് 15:9

ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

പുറപ്പാട് 15:10

നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.

പുറപ്പാട് 15:11

യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?

പുറപ്പാട് 15:12

നീ വലംകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.

പുറപ്പാട് 15:13

നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.

പുറപ്പാട് 15:14

ജാതികൾ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതി പിടിച്ചിരിക്കുന്നു.

പുറപ്പാട് 15:15

എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.

പുറപ്പാട് 15:16

ഭയവും ഭീതിയും അവരുടെമേൽ വീണു; നിൻ ഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.

പുറപ്പാട് 15:17

നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിനൊരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽതന്നെ.

പുറപ്പാട് 15:18

യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.

പുറപ്പാട് 15:19

എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെമേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.

പുറപ്പാട് 15:20

അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയിൽ തപ്പെടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു.

പുറപ്പാട് 15:21

മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവയ്ക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

പുറപ്പാട് 15:22

അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.

പുറപ്പാട് 15:23

മാറായിൽ എത്തിയാറെ, മാറായിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അതുകൊണ്ട് അതിനു മാറാ എന്നു പേരിട്ടു.

പുറപ്പാട് 15:24

അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരേ പിറുപിറുത്തു.

പുറപ്പാട് 15:25

അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായിത്തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:

പുറപ്പാട് 15:26

നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു.

പുറപ്പാട് 15:27

പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.