ആവർത്തനപുസ്തകം - 23 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

ആവർത്തനപുസ്തകം 23:1

ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

ആവർത്തനപുസ്തകം 23:2

കൗലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

ആവർത്തനപുസ്തകം 23:3

ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

ആവർത്തനപുസ്തകം 23:4

നിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ട് വഴിയിൽ നിങ്ങളെ വന്നെതിരേല്ക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപ്പൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്ക് വിളിപ്പിച്ചതുകൊണ്ടും തന്നെ.

ആവർത്തനപുസ്തകം 23:5

എന്നാൽ ബിലെയാമിനു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവയ്ക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു.

ആവർത്തനപുസ്തകം 23:6

ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും ഗുണത്തിനും വേണ്ടി ചിന്തിക്കരുത്.

ആവർത്തനപുസ്തകം 23:7

എദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.

ആവർത്തനപുസ്തകം 23:8

മൂന്നാം തലമുറയായി അവർക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.

ആവർത്തനപുസ്തകം 23:9

ശത്രുക്കൾക്കു നേരേ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം.

ആവർത്തനപുസ്തകം 23:10

രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായിത്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിനു പുറത്തുപോകേണം; പാളയത്തിനകത്തു വരരുത്.

ആവർത്തനപുസ്തകം 23:11

സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചിട്ട് അവനു പാളയത്തിനകത്തു വരാം.

ആവർത്തനപുസ്തകം 23:12

ബാഹ്യത്തിനു പോകുവാൻ നിനക്ക് ഒരു സ്ഥലം പാളയത്തിനു പുറത്ത് ഉണ്ടായിരിക്കേണം.

ആവർത്തനപുസ്തകം 23:13

നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന് ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.

ആവർത്തനപുസ്തകം 23:14

നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

ആവർത്തനപുസ്തകം 23:15

യജമാനനെ വിട്ട് നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കൈയിൽ ഏല്പിക്കരുത്.

ആവർത്തനപുസ്തകം 23:16

അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുത്.

ആവർത്തനപുസ്തകം 23:17

യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.

ആവർത്തനപുസ്തകം 23:18

വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുത്; ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

ആവർത്തനപുസ്തകം 23:19

പണത്തിനോ, ആഹാരത്തിനോ, വായ്പ കൊടുക്കുന്ന യാതൊരു വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.

ആവർത്തനപുസ്തകം 23:20

അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോടു പലിശ വാങ്ങരുത്.

ആവർത്തനപുസ്തകം 23:21

നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.

ആവർത്തനപുസ്തകം 23:22

നേരാതിരിക്കുന്നതു പാപം ആകയില്ല.

ആവർത്തനപുസ്തകം 23:23

നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ്കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.

ആവർത്തനപുസ്തകം 23:24

കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുത്.

ആവർത്തനപുസ്തകം 23:25

കൂട്ടുകാരന്റെ വിളഭൂമിയിൽക്കൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വയ്ക്കരുത്.