ആവർത്തനപുസ്തകം - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

ആവർത്തനപുസ്തകം 21:1

നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കയും ചെയ്താൽ

ആവർത്തനപുസ്തകം 21:2

നിന്റെ മൂപ്പന്മാരും ന്യായാധിപതിമാരും പുറത്തുചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.

ആവർത്തനപുസ്തകം 21:3

കൊല്ലപ്പെട്ടവന് അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വയ്ക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.

ആവർത്തനപുസ്തകം 21:4

ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവച്ചു പശുക്കിടാവിന്റെ കഴുത്ത് ഒടിച്ചുകളയേണം.

ആവർത്തനപുസ്തകം 21:5

പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്‍വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കിൻപ്രകാരം സകല വ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു.

ആവർത്തനപുസ്തകം 21:6

കൊല്ലപ്പെട്ടവന് അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:

ആവർത്തനപുസ്തകം 21:7

ഞങ്ങളുടെ കൈകൾ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണ് അതു കണ്ടിട്ടുമില്ല.

ആവർത്തനപുസ്തകം 21:8

യഹോവേ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.

ആവർത്തനപുസ്തകം 21:9

ഇങ്ങനെ യഹോവയ്ക്കു ഹിതമായുള്ളതു ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.

ആവർത്തനപുസ്തകം 21:10

നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ട് നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ

ആവർത്തനപുസ്തകം 21:11

ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാൻ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ

ആവർത്തനപുസ്തകം 21:12

നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവൾ തലമുടി ചിരയ്ക്കയും നഖം മുറിക്കയും

ആവർത്തനപുസ്തകം 21:13

ബദ്ധവസ്ത്രം മാറി നിന്റെ വീട്ടിൽ പാർത്ത് ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്ന് അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.

ആവർത്തനപുസ്തകം 21:14

എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കേണം; അവളെ ഒരിക്കലും വിലയ്ക്കു വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോടു കാഠിന്യം പ്രവർത്തിക്കരുത്.

ആവർത്തനപുസ്തകം 21:15

ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്കു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവനു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ

ആവർത്തനപുസ്തകം 21:16

അവൻ തന്റെ സ്വത്ത് പുത്രന്മാർക്കു ഭാഗിച്ചു കൊടുക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതനു പകരം ഇഷ്ടയുടെ മകനു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.

ആവർത്തനപുസ്തകം 21:17

തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകനു കൊടുത്ത് അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.

ആവർത്തനപുസ്തകം 21:18

അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തന് ഉണ്ടെങ്കിൽ

ആവർത്തനപുസ്തകം 21:19

അമ്മയപ്പന്മാർ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കലേക്കു കൊണ്ടുപോയി:

ആവർത്തനപുസ്തകം 21:20

ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.

ആവർത്തനപുസ്തകം 21:21

പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

ആവർത്തനപുസ്തകം 21:22

ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ കൊന്ന് ഒരു മരത്തിൽ തൂക്കിയാൽ

ആവർത്തനപുസ്തകം 21:23

അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുത്; അന്നുതന്നെ അത് കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം നീ അശുദ്ധമാക്കരുത്.