ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ട് അവർ ഉപജീവനം കഴിക്കേണം.
ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവൻതന്നെ അവരുടെ അവകാശം.
ജനത്തിൽനിന്നു പുരോഹിതന്മാർക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം.
ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവനു കൊടുക്കേണം.
യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നില്ക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ നിന്റെ സകല ഗോത്രങ്ങളിൽനിന്ന് അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നത്.
ഏത് യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ-അവനു മനസ്സുപോലെ വരാം-
അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകല സഹോദരന്മാരെയുംപോലെ അവനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.
അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനു പുറമേ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്.
തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,
മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുത്.
ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പ് ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു.
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.
നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.
ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാൺമാനും എനിക്ക് ഇടവരരുതേ എന്നിങ്ങനെ ഹോറേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെതന്നെ.
അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്ന് നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ
ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുത്.