തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിനു രണ്ടു സംവത്സരം മുമ്പേ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ.
അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചൽപ്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരുമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അതു ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകർത്ത്, ആവെൻ താഴ്വരയിൽനിന്നു നിവാസിയെയും ഏദെൻഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന് ഏല്പിക്കേണ്ടതിനു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരേ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്റെ അരമനകളെ ദഹിപ്പിച്ചു കളയും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്ന്, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; അതു ബൊസ്രായിലെ അരമനകളെ ദഹിപ്പിച്ചുകളയും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം; അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിനു ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
ഞാൻ രബ്ബായുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആർപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെതന്നെ എന്നു യഹോവ അരുളിച്ചെയ്യുന്നു.