2 ശമൂവേൽ - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

2 ശമൂവേൽ 9:1

അനന്തരം ദാവീദ്: ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്ന് അന്വേഷിച്ചു.

2 ശമൂവേൽ 9:2

എന്നാൽ ശൗലിന്റെ ഗൃഹത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവ് അവനോട്: നീ സീബയോ എന്നു ചോദിച്ചു. അടിയൻ എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ 9:3

ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവ് ചോദിച്ചതിന്: രണ്ടു കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു.

2 ശമൂവേൽ 9:4

അവൻ എവിടെ എന്നു രാജാവ് ചോദിച്ചതിന്: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു.

2 ശമൂവേൽ 9:5

അപ്പോൾ ദാവീദുരാജാവ് ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.

2 ശമൂവേൽ 9:6

ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന് അടിയൻ എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ 9:7

ദാവീദ് അവനോട്: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയ കാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.

2 ശമൂവേൽ 9:8

അവൻ നമസ്കരിച്ചുംകൊണ്ട്: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളൂ എന്നു പറഞ്ഞു.

2 ശമൂവേൽ 9:9

അപ്പോൾ രാജാവ് ശൗലിന്റെ ഭൃത്യനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: ശൗലിനും അവന്റെ സകല ഗൃഹത്തിനുമുള്ളതൊക്കെയും ഞാൻ നിന്റെ യജമാനന്റെ മകനു കൊടുത്തിരിക്കുന്നു.

2 ശമൂവേൽ 9:10

നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകനു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബയ്ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.

2 ശമൂവേൽ 9:11

രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.

2 ശമൂവേൽ 9:12

മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു.

2 ശമൂവേൽ 9:13

ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നെ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവനു കാലു രണ്ടും മുടന്തായിരുന്നു.