2 ശമൂവേൽ - 24 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

2 ശമൂവേൽ 24:1

യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരേ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദായെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിനു തോന്നിച്ചു.

2 ശമൂവേൽ 24:2

അങ്ങനെ രാജാവ് തന്റെ സേനാധിപതിയായ യോവാബിനോട്: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിലൊക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.

2 ശമൂവേൽ 24:3

അതിനു യോവാബ് രാജാവിനോട്: യജമാനനായ രാജാവിന്റെ കാലത്തുതന്നെ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവ് ഈ കാര്യത്തിനു താൽപര്യപ്പെടുന്നത് എന്തിന് എന്നു പറഞ്ഞു.

2 ശമൂവേൽ 24:4

എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.

2 ശമൂവേൽ 24:5

അവർ യോർദ്ദാൻ കടന്നു ഗാദ്താഴ്വരയുടെ മധ്യേയുള്ള പട്ടണത്തിനു വലത്തു വശത്ത് അരോവേരിലും യസേരിനു നേരേയും കൂടാരം അടിച്ചു.

2 ശമൂവേൽ 24:6

പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു;

2 ശമൂവേൽ 24:7

പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ടു യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്കു പുറപ്പെട്ടു.

2 ശമൂവേൽ 24:8

ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതു മാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.

2 ശമൂവേൽ 24:9

യോവാബ് ജനത്തെ എണ്ണിയതിന്റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടു ലക്ഷവും യെഹൂദ്യർ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു.

2 ശമൂവേൽ 24:10

എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോട്: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു.

2 ശമൂവേൽ 24:11

ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:

2 ശമൂവേൽ 24:12

നീ ചെന്നു ദാവീദിനോട്: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

2 ശമൂവേൽ 24:13

ഗാദ് ദാവീദിന്റെ അടുക്കൽ ചെന്ന് അവനോട് അറിയിച്ചു: നിന്റെ ദേശത്ത് ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയോ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തു വേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിനു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.

2 ശമൂവേൽ 24:14

ദാവീദ് ഗാദിനോട്: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കൈയിൽത്തന്നെ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കൈയിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു.

2 ശമൂവേൽ 24:15

അങ്ങനെ യഹോവ യിസ്രായേലിൽ രാവിലെ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻമുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.

2 ശമൂവേൽ 24:16

എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈ നീട്ടിയപ്പോൾ യഹോവ അനർഥത്തെക്കുറിച്ച് അനുതപിച്ചു, ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നായുടെ മെതിക്കളത്തിനരികെ ആയിരുന്നു.

2 ശമൂവേൽ 24:17

ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ കുറ്റം ചെയ്തത്; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാർഥിച്ചുപറഞ്ഞു.

2 ശമൂവേൽ 24:18

അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്ന് അവനോട്: നീ ചെന്നു യെബൂസ്യനായ അരവ്നായുടെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.

2 ശമൂവേൽ 24:19

യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.

2 ശമൂവേൽ 24:20

അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

2 ശമൂവേൽ 24:21

യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത് എന്ന് അരവ്നാ ചോദിച്ചതിനു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ കളം നിന്നോടു വിലയ്ക്കു വാങ്ങുവാൻ തന്നെ എന്നു പറഞ്ഞു.

2 ശമൂവേൽ 24:22

അരവ്നാ ദാവീദിനോട്: യജമാനനായ രാജാവിനു ബോധിച്ചത് എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിനു കാളകളും വിറകിനു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.

2 ശമൂവേൽ 24:23

രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിനു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.

2 ശമൂവേൽ 24:24

രാജാവ് അരവ്നായോട്: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലയ്ക്കേ വാങ്ങുകയുള്ളൂ; എനിക്ക് ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കെൽ വെള്ളിക്കു വാങ്ങി.

2 ശമൂവേൽ 24:25

ദാവീദ് യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.