2 ശമൂവേൽ - 23 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 39 വരെ

2 ശമൂവേൽ 23:1

ദാവീദിന്റെ അന്ത്യവാക്യങ്ങളാവിത്: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നെ.

2 ശമൂവേൽ 23:2

യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.

2 ശമൂവേൽ 23:3

യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻപാറ എന്നോട് അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ,

2 ശമൂവേൽ 23:4

മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ; മഴയ്ക്ക് പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.

2 ശമൂവേൽ 23:5

ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവൻ എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകല രക്ഷയും വാഞ്ഛയും തഴപ്പിക്കയില്ലയോ?

2 ശമൂവേൽ 23:6

എന്നാൽ സകല നീചന്മാരും എറിഞ്ഞു കിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.

2 ശമൂവേൽ 23:7

അവയെ തൊടുവാൻ തുനിയുന്നവൻ ഇരുമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നെ തീവച്ചു ചുട്ടുകളയേണം.

2 ശമൂവേൽ 23:8

ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറു പേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻതന്നെ.

2 ശമൂവേൽ 23:9

അവന്റെശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിനു കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്ന് ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.

2 ശമൂവേൽ 23:10

അവൻ എഴുന്നേറ്റു കൈ തളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളൂ.

2 ശമൂവേൽ 23:11

അവന്റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചയ്ക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.

2 ശമൂവേൽ 23:12

അവനോ വയലിന്റെ നടുവിൽനിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയൊരു ജയം നല്കി.

2 ശമൂവേൽ 23:13

മുപ്പതു നായകന്മാരിൽ മൂന്നു പേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.

2 ശമൂവേൽ 23:14

അന്ന് ദാവീദ് ദുർഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്‍ലഹേമിൽ അക്കാലത്ത് ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.

2 ശമൂവേൽ 23:15

ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നും വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.

2 ശമൂവേൽ 23:16

അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:

2 ശമൂവേൽ 23:17

യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‍വാൻ എനിക്കു സംഗതി വരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവനു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.

2 ശമൂവേൽ 23:18

യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നു പേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറു പേരുടെ നേരേ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂവരിൽവച്ചു കീർത്തി പ്രാപിച്ചു.

2 ശമൂവേൽ 23:19

അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായിത്തീർന്നു. എന്നാൽ അവൻ മറ്റേ മൂവരോളം വരികയില്ല.

2 ശമൂവേൽ 23:20

കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.

2 ശമൂവേൽ 23:21

അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു.

2 ശമൂവേൽ 23:22

ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.

2 ശമൂവേൽ 23:23

അവൻ മുപ്പതു പേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റേ മൂന്നു പേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.

2 ശമൂവേൽ 23:24

യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്‍ലഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,

2 ശമൂവേൽ 23:25

ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,

2 ശമൂവേൽ 23:26

പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,

2 ശമൂവേൽ 23:27

അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി,

2 ശമൂവേൽ 23:28

അഹോഹ്യൻ സൽമോൻ, നെത്തോഫാത്യൻ മഹരായി,

2 ശമൂവേൽ 23:29

നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,

2 ശമൂവേൽ 23:30

പിരാതോന്യൻ ബെനായ്യാവ്, നഹലേഗാശുകാരൻ ഹിദ്ദായി,

2 ശമൂവേൽ 23:31

അർബാത്യൻ അബീ-അൽബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,

2 ശമൂവേൽ 23:32

ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ: യോനാഥാൻ,

2 ശമൂവേൽ 23:33

ഹരാര്യൻ ശമ്മാ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,

2 ശമൂവേൽ 23:34

മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,

2 ശമൂവേൽ 23:35

കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,

2 ശമൂവേൽ 23:36

സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യൻ ബാനി,

2 ശമൂവേൽ 23:37

സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്, ബെരോത്യൻ നഹരായി.

2 ശമൂവേൽ 23:38

യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,

2 ശമൂവേൽ 23:39

ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തിയേഴു പേർ.