2 ശമൂവേൽ - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

2 ശമൂവേൽ 16:1

ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിയടയും ഒരു തുരുത്തിവീഞ്ഞും കയറ്റിയിരുന്നു.

2 ശമൂവേൽ 16:2

രാജാവ് സീബയോട്: ഇത് എന്തിന് എന്നു ചോദിച്ചു. അതിനു സീബ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞ് മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നെ എന്നു പറഞ്ഞു.

2 ശമൂവേൽ 16:3

നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവ് ചോദിച്ചതിന് സീബ രാജാവിനോട്: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്ന് എനിക്കു തിരികെ തരുമെന്ന് അവൻ പറയുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ 16:4

രാജാവ് സീബയോട്: ഇതാ, മെഫീബോശെത്തിനുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിനു സീബ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 16:5

ദാവീദ്‍രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.

2 ശമൂവേൽ 16:6

അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.

2 ശമൂവേൽ 16:7

ശിമെയി ശപിച്ചുംകൊണ്ട് ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ,

2 ശമൂവേൽ 16:8

നീചാ, പോ, പോ. ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവനു പകരമല്ലോ നീ രാജാവായത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു.

2 ശമൂവേൽ 16:9

അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ 16:10

അതിനു രാജാവ്: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത് എന്ന് ആർ ചോദിക്കും എന്നു പറഞ്ഞു.

2 ശമൂവേൽ 16:11

പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞത്: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.

2 ശമൂവേൽ 16:12

പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്കും.

2 ശമൂവേൽ 16:13

ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽക്കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.

2 ശമൂവേൽ 16:14

രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.

2 ശമൂവേൽ 16:15

എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.

2 ശമൂവേൽ 16:16

ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: രാജാവേ, ജയ ജയ എന്നു പറഞ്ഞു.

2 ശമൂവേൽ 16:17

അപ്പോൾ അബ്ശാലോം ഹൂശായിയോട്: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത് എന്നു ചോദിച്ചു.

2 ശമൂവേൽ 16:18

അതിനു ഹൂശായി അബ്ശാലോമിനോട്: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.

2 ശമൂവേൽ 16:19

ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.

2 ശമൂവേൽ 16:20

അനന്തരം അബ്ശാലോം അഹീഥോഫെലിനോട്: നാം ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു പറഞ്ഞു.

2 ശമൂവേൽ 16:21

അഹീഥോഫെൽ അബ്ശാലോമിനോട്: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പനു നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവരൊക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.

2 ശമൂവേൽ 16:22

അങ്ങനെ അവർ അബ്ശാലോമിനു വെൺമാടത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.

2 ശമൂവേൽ 16:23

അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെതന്നെ ആയിരുന്നു.