1 ശമൂവേൽ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

1 ശമൂവേൽ 5:1

ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് അതിനെ ഏബെൻ-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി.

1 ശമൂവേൽ 5:2

ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്ത് ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വച്ചു.

1 ശമൂവേൽ 5:3

പിറ്റന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി.

1 ശമൂവേൽ 5:4

പിറ്റന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽ മാത്രം ശേഷിച്ചിരുന്നു.

1 ശമൂവേൽ 5:5

അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.

1 ശമൂവേൽ 5:6

എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.

1 ശമൂവേൽ 5:7

അങ്ങനെ ഭവിച്ചത് അസ്തോദ്യർ കണ്ടിട്ട്: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെമേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

1 ശമൂവേൽ 5:8

അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിന് അവർ: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി.

1 ശമൂവേൽ 5:9

അവർ അതു കൊണ്ടുചെന്ന ശേഷം ഏറ്റവും വലിയൊരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിനു വിരോധമായിത്തീർന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവർക്കും മൂലരോഗം തുടങ്ങി.

1 ശമൂവേൽ 5:10

അതുകൊണ്ട് അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.

1 ശമൂവേൽ 5:11

അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.

1 ശമൂവേൽ 5:12

മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.