1 ശമൂവേൽ - 27 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

1 ശമൂവേൽ 27:1

അനന്തരം ദാവീദ്: ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കേയുള്ളൂ; ഫെലിസ്ത്യരുടെ ദേശത്തിലേക്ക് ഓടിപ്പോകയല്ലാതെ എനിക്കു വേറേ നിവൃത്തിയില്ല; ശൗൽ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാൻ അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.

1 ശമൂവേൽ 27:2

അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറു പേരും ഗത്ത്‍രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.

1 ശമൂവേൽ 27:3

യിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ പാർത്തു.

1 ശമൂവേൽ 27:4

ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്ന് ശൗലിന് അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.

1 ശമൂവേൽ 27:5

ദാവീദ് ആഖീശിനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുംപുറത്ത് ഒരു ഊരിൽ എനിക്ക് ഒരു സ്ഥലം കല്പിച്ചു തരുവിക്കേണം; അവിടെ ഞാൻ പാർത്തുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ പാർക്കുന്നത് എന്തിന് എന്നു പറഞ്ഞു.

1 ശമൂവേൽ 27:6

ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്നു.

1 ശമൂവേൽ 27:7

ദാവീദ് ഫെലിസ്ത്യദേശത്തു പാർത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.

1 ശമൂവേൽ 27:8

ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവർ ശൂർവരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂർവനിവാസികളായിരുന്നു.

1 ശമൂവേൽ 27:9

എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ട് അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.

1 ശമൂവേൽ 27:10

നിങ്ങൾ ഇന്ന് എവിടെയായിരുന്നു പോയി ആക്രമിച്ചത് എന്ന് ആഖീശ് ചോദിച്ചതിന്: യെഹൂദായ്ക്കു തെക്കും യെരഹ്‍മേല്യർക്കു തെക്കും കേന്യർക്കു തെക്കും എന്നു ദാവീദ് പറഞ്ഞു.

1 ശമൂവേൽ 27:11

ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവൻ ഫെലിസ്ത്യരുടെ ദേശത്തു പാർത്ത കാലമൊക്കെയും അവന്റെ പതിവ് ഇതായിരുന്നു എന്ന് അവർ നമ്മെക്കുറിച്ചു പറയരുത് എന്നുവച്ച് ഗത്തിൽ വിവരം അറിയിപ്പാൻ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വച്ചേച്ചില്ല.

1 ശമൂവേൽ 27:12

ദാവീദ് സ്വജനമായ യിസ്രായേലിനു തന്നെത്താൻ നാറ്റിച്ചതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വാസംവച്ചു.