1 ശമൂവേൽ - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 44 വരെ

1 ശമൂവേൽ 25:1

ശമൂവേൽ മരിച്ചു; യിസ്രായേലൊക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമായിൽ അവന്റെ വീട്ടിനരികെ അവനെ അടക്കംചെയ്തു. ദാവീദ് പുറപ്പെട്ട് പാരാൻ മരുഭൂമിയിൽ പോയി പാർത്തു.

1 ശമൂവേൽ 25:2

കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാധനികനായിരുന്നു; അവനു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവനു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു.

1 ശമൂവേൽ 25:3

അവനു നാബാൽ എന്നും അവന്റെ ഭാര്യക്ക് അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠുരനും ദുഷ്കർമിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.

1 ശമൂവേൽ 25:4

നാബാലിന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്ന് ദാവീദ് മരുഭൂമിയിൽ കേട്ടു.

1 ശമൂവേൽ 25:5

ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞത്: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലി:

1 ശമൂവേൽ 25:6

നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിനും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിനും നന്നായിരിക്കട്ടെ.

1 ശമൂവേൽ 25:7

നിനക്ക് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്ക് ഒന്നും കാണാതെ പോയതുമില്ല.

1 ശമൂവേൽ 25:8

നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ട് ഈ ബാല്യക്കാരോടു ദയ തോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്റെ കൈയിൽ വരുന്നത് അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിനും തരേണമേ എന്ന് അവനോടു പറവിൻ.

1 ശമൂവേൽ 25:9

ദാവീദിന്റെ ബാല്യക്കാർ ചെന്ന് നാബാലിനോട് ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ച് കാത്തുനിന്നു.

1 ശമൂവേൽ 25:10

നാബാൽ ദാവീദിന്റെ ഭൃത്യന്മാരോട്: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്.

1 ശമൂവേൽ 25:11

ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്ത് എവിടത്തുകാർ എന്ന് അറിയാത്തവർക്കു കൊടുക്കുമോ എന്ന് ഉത്തരം പറഞ്ഞു.

1 ശമൂവേൽ 25:12

ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമൊക്കെയും അവനോട് അറിയിച്ചു.

1 ശമൂവേൽ 25:13

അപ്പോൾ ദാവീദ് തന്റെ ആളുകളോട്: എല്ലാവരും വാൾ അരയ്ക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയ്ക്കു കെട്ടി; ദാവീദും വാൾ അരയ്ക്കു കെട്ടി; ഏകദേശം നാനൂറു പേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറു പേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു.

1 ശമൂവേൽ 25:14

എന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനനു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു.

1 ശമൂവേൽ 25:15

എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്ക് ഒന്നും കാണാതെ പോയതുമില്ല.

1 ശമൂവേൽ 25:16

ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്ക് ഒരു മതിൽ ആയിരുന്നു.

1 ശമൂവേൽ 25:17

ആകയാൽ ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനനും അവന്റെ സകല ഭവനത്തിനും ദോഷം നിർണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ട് അവനോട് ആർക്കും ഒന്നും മിണ്ടിക്കൂടാ.

1 ശമൂവേൽ 25:18

ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ച് ആടും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും ഇരുനൂറ് അത്തിയടയും എടുത്ത് കഴുതപ്പുറത്തു കയററി

1 ശമൂവേൽ 25:19

ബാല്യക്കാരോട്: നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നുപറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോട് അവൾ ഒന്നും അറിയിച്ചില്ലതാനും.

1 ശമൂവേൽ 25:20

അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽക്കൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരേ വരുന്നു; അവൾ അവരെ എതിരേറ്റു.

1 ശമൂവേൽ 25:21

എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തത്; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മയ്ക്കു പകരം എനിക്ക് തിന്മ ചെയ്തു.

1 ശമൂവേൽ 25:22

അവനുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.

1 ശമൂവേൽ 25:23

അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

1 ശമൂവേൽ 25:24

അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞത്: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.

1 ശമൂവേൽ 25:25

ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെതന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്തം അത്രേ അവന്റെ പക്കൽ ഉള്ളത്. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.

1 ശമൂവേൽ 25:26

ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.

1 ശമൂവേൽ 25:27

ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്ക് ഇരിക്കട്ടെ.

1 ശമൂവേൽ 25:28

അടിയന്റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.

1 ശമൂവേൽ 25:29

മനുഷ്യൻ നിന്നെ പിന്തുടർന്ന് നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും.

1 ശമൂവേൽ 25:30

എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോൾ

1 ശമൂവേൽ 25:31

അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ.

1 ശമൂവേൽ 25:32

ദാവീദ് അബീഗയിലിനോടു പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം.

1 ശമൂവേൽ 25:33

നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.

1 ശമൂവേൽ 25:34

നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ട് എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കും പുരുഷപ്രജയൊന്നും നാബാലിനു ശേഷിക്കയില്ലായിരുന്നു.

1 ശമൂവേൽ 25:35

പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കൈയിൽനിന്നു വാങ്ങി അവളോട്: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

1 ശമൂവേൽ 25:36

അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവനു നന്നാ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.

1 ശമൂവേൽ 25:37

എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞ് ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി.

1 ശമൂവേൽ 25:38

പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.

1 ശമൂവേൽ 25:39

നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദയ്ക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മ ചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവയ്ക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽത്തന്നെ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായി പരിഗ്രഹിക്കേണ്ടതിന് അവളോടു സംസാരിപ്പാൻ ആളയച്ചു.

1 ശമൂവേൽ 25:40

ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: നീ ദാവീദിനു ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

1 ശമൂവേൽ 25:41

അവൾ എഴുന്നേറ്റ് നിലംവരെ തലകുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.

1 ശമൂവേൽ 25:42

ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്ന് അവനു ഭാര്യയായിത്തീർന്നു.

1 ശമൂവേൽ 25:43

യിസ്രെയേലിൽനിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു.

1 ശമൂവേൽ 25:44

ശൗലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു കൊടുത്തിരുന്നു.