1 ശമൂവേൽ - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

1 ശമൂവേൽ 16:1

അനന്തരം യഹോവ ശമൂവേലിനോട്: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ച് എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്‍ലഹേമ്യനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

1 ശമൂവേൽ 16:2

അതിനു ശമൂവേൽ: ഞാൻ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്: ഞാൻ യഹോവയ്ക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.

1 ശമൂവേൽ 16:3

യിശ്ശായിയെയും യാഗത്തിനു ക്ഷണിക്ക; നീ ചെയ്യേണ്ടത് എന്തെന്നു ഞാൻ അന്നേരം നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.

1 ശമൂവേൽ 16:4

യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു.

1 ശമൂവേൽ 16:5

അതിന് അവൻ: ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിനു വരുവിൻ എന്നുപറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു.

1 ശമൂവേൽ 16:6

അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.

1 ശമൂവേൽ 16:7

യഹോവ ശമൂവേലിനോട്: അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു.

1 ശമൂവേൽ 16:8

പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

1 ശമൂവേൽ 16:9

പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്ന് അവൻ പറഞ്ഞു.

1 ശമൂവേൽ 16:10

അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

1 ശമൂവേൽ 16:11

നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ട്; അവൻ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.

1 ശമൂവേൽ 16:12

ഉടനെ അവൻ ആളയച്ച് അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവൻതന്നെ ആകുന്നു എന്നു കല്പിച്ചു.

1 ശമൂവേൽ 16:13

അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി.

1 ശമൂവേൽ 16:14

എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.

1 ശമൂവേൽ 16:15

അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ.

1 ശമൂവേൽ 16:16

ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.

1 ശമൂവേൽ 16:17

ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.

1 ശമൂവേൽ 16:18

ബാല്യക്കാരിൽ ഒരുത്തൻ: ബേത്‍ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.

1 ശമൂവേൽ 16:19

എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു.

1 ശമൂവേൽ 16:20

യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ് വശം ശൗലിനു കൊടുത്തയച്ചു.

1 ശമൂവേൽ 16:21

ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; അവന് അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു.

1 ശമൂവേൽ 16:22

ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.

1 ശമൂവേൽ 16:23

ദൈവത്തിന്റെ പക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.