1 രാജാക്കന്മാർ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

1 രാജാക്കന്മാർ 3:1

അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിനു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

1 രാജാക്കന്മാർ 3:2

എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ട് ജനം പൂജാഗിരികളിൽവച്ചു യാഗം കഴിച്ചുപോന്നു.

1 രാജാക്കന്മാർ 3:3

ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എങ്കിലും അവൻ പൂജാഗിരികളിൽവച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

1 രാജാക്കന്മാർ 3:4

രാജാവ് ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാന പൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.

1 രാജാക്കന്മാർ 3:5

ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.

1 രാജാക്കന്മാർ 3:6

അതിനു ശലോമോൻ പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ നിന്റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു.

1 രാജാക്കന്മാർ 3:7

എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കറിവില്ല.

1 രാജാക്കന്മാർ 3:8

നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു.

1 രാജാക്കന്മാർ 3:9

ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.

1 രാജാക്കന്മാർ 3:10

ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി.

1 രാജാക്കന്മാർ 3:11

ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട്

1 രാജാക്കന്മാർ 3:12

ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെ ശേഷം ഉണ്ടാകയും ഇല്ല.

1 രാജാക്കന്മാർ 3:13

ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.

1 രാജാക്കന്മാർ 3:14

നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.

1 രാജാക്കന്മാർ 3:15

ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ച് സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകല ഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.

1 രാജാക്കന്മാർ 3:16

അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്ന് അവന്റെ മുമ്പാകെ നിന്നു.

1 രാജാക്കന്മാർ 3:17

അവരിൽ ഒരുത്തി പറഞ്ഞത്: തമ്പുരാനേ, അടിയനും ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.

1 രാജാക്കന്മാർ 3:18

ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടു പേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.

1 രാജാക്കന്മാർ 3:19

എന്നാൽ രാത്രി ഇവൾ തന്റെ മകന്റെമേൽ കിടന്നുപോയതുകൊണ്ട് അവൻ മരിച്ചുപോയി.

1 രാജാക്കന്മാർ 3:20

അവൾ അർധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്ന് അടിയന്റെ മകനെ എടുത്ത് അവളുടെ പള്ളയ്ക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളയ്ക്കലും കിടത്തി.

1 രാജാക്കന്മാർ 3:21

രാവിലെ കുഞ്ഞിനു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല.

1 രാജാക്കന്മാർ 3:22

അതിനു മറ്റേ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചതു നിന്റെ കുഞ്ഞ് എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.

1 രാജാക്കന്മാർ 3:23

അപ്പോൾ രാജാവ് കല്പിച്ചത്: ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചതു നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് എന്നു മറ്റേവൾ പറയുന്നു.

1 രാജാക്കന്മാർ 3:24

ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.

1 രാജാക്കന്മാർ 3:25

അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.

1 രാജാക്കന്മാർ 3:26

ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ച് ഉള്ളു കത്തുകകൊണ്ട് രാജാവിനോട്: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 3:27

അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അവൾക്കു കൊടുപ്പിൻ; അവൾ തന്നെ അതിന്റെ തള്ള എന്നു കല്പിച്ചു.

1 രാജാക്കന്മാർ 3:28

രാജാവ് കല്പിച്ച വിധി യിസ്രായേലൊക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്നു കണ്ട് അവനെ ഭയപ്പെട്ടു.